തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അതിനായി രണ്ട് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. പി.ആർ ചേംബറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ നടപടികൾ കൈക്കൊണ്ട് മുന്നോട്ട് പോകുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും സമൂഹത്തെ തകർക്കാനുള്ള ശ്രമമാണെന്നും രാജ്യദ്രോഹമാണെന്നും മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷാ ചോദ്യ പേപ്പറുകൾ ട്രഷറികളിൽ വളരെ സുരക്ഷിതമാണെന്നും മറ്റുള്ളവയും അതുപോലെ സൂക്ഷിക്കാൻ ട്രഷറികളിൽ സ്ഥലപരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടാതെ സ്കൂൾ കലോത്സവങ്ങളോടനുബന്ധിച്ച് നടക്കുന്ന അനാരോഗ്യകരമായ പ്രകടനങ്ങളും അനുവദിക്കാനാകില്ലെന്ന് മന്ത്രി വെളിപ്പെടുത്തി. പ്രതിഷേധത്തിന്റെ പേരിൽ റോഡിലിറങ്ങി ഡാൻസും നാടകം കളിയും വേണ്ടെന്നും കലോത്സവ മാനുവൽ പാലിച്ചേ മുന്നോട്ട് പോകാനാവൂ എന്നും മന്ത്രി വ്യക്തമാക്കി.