sivagiri

ശിവഗിരി : ഡിസംബർ 21 നു ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമത്തിൽ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും പങ്കെടുക്കാമെന്ന് ശിവഗിരിമഠം അറിയിച്ചു. രാവിലെ 10 നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. എസ്. എൻ. ഡി. പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എസ്. എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ശ്രീനാരായണ ഓർഗനൈസേഷൻ പ്രസിഡന്റ് കെ. കെ. ശശിധരൻ മുഖ്യപ്രഭാഷണവും ഗ്ലോബൽ ശ്രീനാരായണ ഒർഗനൈസേഷൻ സെക്രട്ടറി ടി. എസ്. ഹരീഷ് കുമാർ ആമുഖ പ്രസംഗവും നടത്തും. എം. ഐ. ദാമോദരൻ (പ്രസിഡന്റ്, ശ്രീനാരായണ മന്ദിരസമിതി, മുംബയ്), രാജു (സെക്രട്ടറി, ശ്രീനാരായണഗുരു സമിതി, പൂനെ), കെ. ആർ. എസ്. ധരൻ (ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, അഹമ്മദാബാദ്), കെ. ടി. സുകുമാരൻ (രജിസ്ട്രാർ, ഗുരുധർമ്മപ്രചരണസഭ), എസ്. സുവർണ്ണകുമാർ (ശ്രീനാരായണമതസംഘം), പി. ചന്ദ്രമോഹൻ (ശ്രീനാരായണഗുരുദേവട്രസ്റ്റ്, എരിക്കാവ്), അഡ്വ. സഞ്ജയ് കൃഷ്ണ (ശ്രീനാരായണഗുരുധർമ്മസേവാസമിതി, ജയ്പൂർ), കുറിച്ചി സദൻ (ശ്രീനാരായണമിഷൻ, കോട്ടയം), കെ.ആർ. ശശിധരൻ (ശ്രീനാരായണഗുരുസമിതി, ഗോവ), കെ. എൻ. ഭദ്രൻ (ശ്രീനാരായണസേവാസംഘം ട്രസ്റ്റ്, പാറയ്ക്കൽ) തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. ഗുരുദേവനാമത്തിലുളള എല്ലാ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികളെയും പ്രവർത്തകരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ അറിയിച്ചു.