
തിരുവനന്തപുരം: മന്ത്രിമാറ്റമെന്ന ലക്ഷ്യത്തോടെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയും തോമസ്.കെതോമസ് എം.എൽ.എയും ഡൽഹിയിൽ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച വേണ്ടത്ര ഫലം കണ്ടില്ല. വിഷയത്തിൽ സി.പി.എം കോ -ഓർഡിനേറ്റർ പ്രകാശ്കാരാട്ടിനെ ഇടപെടുത്തിയതും ഗുണകരമാവാനിടയില്ല.
എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് .കെ.തോമസ് എം.എൽ.എയെ മന്ത്രിയാക്കാനാണ് സംസ്ഥാന നേതാക്കൾ ഡൽഹിക്ക് പോയത്. ഈ നീക്കത്തിൽ അത്ര അനുകൂല നിലപാടല്ല പവാർ സ്വീകരിച്ചതെന്ന് അറിയുന്നു. മന്ത്രിമാറ്റത്തെക്കുറിച്ച് ദേശീയ നേതൃത്വം തീരുമാനെടുക്കുമെന്ന തോമസ് .കെ തോമസിന്റെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. ശരദ്പവാർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡൽഹിക്ക് പോയതെന്നും വിശദമായ ചർച്ച നടത്തിയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മന്ത്രിമാറ്റ കാര്യം ചർച്ച ചെയ്യാനല്ല ഡൽഹിയിലേക്ക് പോയതെന്നും തോമസ് വിശദമാക്കി. വ്യക്തിപരമായ ചില കാര്യങ്ങൾക്ക് മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ ശരദ്പവാറുമായി ചാക്കോയും തോമസും നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തനിക്കറിയില്ലെന്നാണ് എ.കെ.ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനത്തു നിന്ന് മാറാൻ താൻ സന്നദ്ധനാണ്.. എന്നാൽ പാർട്ടിക്ക് മന്ത്രി സ്ഥാനം വേണ്ടെന്ന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചാൽ അത് ഭാവിയിൽ ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രിമാറ്റത്തോട് മുഖ്യമന്ത്രി പിണറായിവിജയൻ യോജിക്കാനിടയില്ലെന്നാണ് ഇടത് കേന്ദ്രങ്ങൾ നൽകുന്ന സൂചന.