sambu

ചിറയിൻകീഴ്: ചിറയിൻകീഴ് കുറക്കടയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.രണ്ടുപേർ അറസ്റ്റിൽ.നാല് കോടിയോളം വില വരുന്ന വിവിധയിനം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ക്രിസ്മസ് ,ന്യൂ ഇയർ ആഘോഷങ്ങളിൽ ലഹരി വസ്തുക്കൾ തടയുക എന്ന ഉദ്ദേശ്യത്തോടെ റൂറൽ ജില്ലാ പൊലീസ് കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പൊലീസും സംയുക്തമായാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.

ആറ്റിങ്ങൽ വഞ്ചിയൂർ ബർക്കത്ത് വില്ലയിൽ ഷിജു (44),ചിറയിൻകീഴ് കുറക്കട ശോഭ ഭവനിൽ ശംഭു മോഹൻ (32) എന്നിവരാണ് പിടിയിലായത്.കുറക്കടയിലെ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 200 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കുടിവെള്ള വിതരണത്തിനാണ് ഗോഡൗൺ വാടകയ്ക്ക് എടുത്തത്.

വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ അറിയിച്ചു.ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജു ലാൽ,ചിറയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.വിനീഷ്,സബ് ഇൻസ്‌പെക്ടർ മനു,ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ബി.ദിലീപ്,എ.എസ്.ഐ രാജീവൻ,സി.പി.ഒ സുനിൽ,ലുക്ക്മാൻ എന്നിവരാണ് പരിശോധനയ്ക്കും നിയമ നടപടികൾക്കും നേതൃത്വം നൽകിയത്.