തിരുവനന്തപുരം: പാവപ്പെട്ടവന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനേക്കാൾ മോദിക്കും ബി.ജെ.പിക്കും താത്പര്യം കോർപ്പറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതുന്നതിനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
കോർപ്പറേറ്റ് ഭീമന്മാരുടെ സാമ്പത്തിക ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കൽ അഴിമതി,വഞ്ചന എന്നിവയിൽ അന്വേഷണം നടത്താനും മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ കറങ്ങുന്ന പ്രധാനമന്ത്രിയാണ് മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകാത്തതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ക്രിസ്‌മസിന് ക്രിസ്‌ത്യാനികളുടെ വീടുകളിൽ കേക്കും വൈനുമായി വരുന്ന ബി.ജെ.പി നേതാക്കളോട് മണിപ്പൂരിൽ നടക്കുന്ന വംശഹത്യയെക്കുറിച്ച് ചോദിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.
കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി എം.ലിജു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വി.കെ.അറിവഴകൻ, കെ.മുരളീധരൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ സംസാരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.പി.സജീന്ദ്രൻ,വി.ടി.ബൽറാം,എൻ.ശക്തൻ,വി.ജെ.പൗലോസ്,ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ,ജി.എസ്.ബാബു, ജി.സുബോധൻ,മരിയാപുരം ശ്രീകുമാർ,അബ്ദുൾ മുത്തലിബ്,ആര്യാടൻ ഷൗക്കത്ത്,ആലിപ്പറ്റ ജമീല,എം.എം.നസീർ, കെ.പി.ശ്രീകുമാർ,ജോസി സെബാസ്റ്റ്യൻ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാർ,ഷാനിമോൾ ഉസ്‌മാൻ, ജോൺസൺ എബ്രഹാം,ചെറിയാൻ ഫിലിപ്പ്,ഡി.സി.സി പ്രസിഡന്റുമാരായ എൻ.ഡി.അപ്പച്ചൻ,പി.രാജന്ദ്ര പ്രസാദ്,ബാബു പ്രസാദ്,എം.എൽ.എമാരായ അൻവർ സാദത്ത്,ചാണ്ടി ഉമ്മൻ,മുൻമന്ത്രി പന്തളം സുധാകരൻ,ജി.വി ഹരി,കെ.മോഹൻകുമാർ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ അണിനിരന്നു.