തിരുവനന്തപുരം: ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയിലെ ദിവ്യപ്രഭയുടെ നഗ്നരംഗത്തിന്റെ പേരിലുണ്ടായത് അനാവശ്യ വിവാദമെന്ന് ചത്രത്തിന്റെ സംവിധായിക പായൽ കപാഡിയ. വളരെ ദൈർഘ്യം കുറഞ്ഞ നഗ്നരംഗങ്ങളെ ഒരു ചെറിയ വിഭാഗം വിവാദമാക്കി. കേരളത്തിലെ സിനിമാ പ്രേക്ഷകർ ആ സീനുകളെ യാഥാർത്ഥ്യബോധത്തോടെയാണ് കണ്ടത്. എന്നാൽ ഒരുവിഭാഗം അതിന്റെ പേരിൽ വിവാദമുണ്ടാക്കുകയായിരുന്നുവെന്ന് പായൽ കപാഡിയ പറഞ്ഞു.ഈ സിനിമ പരമ്പരാഗത സദാചാരവും ആധുനികതയും തമ്മിലുള്ള പോരാട്ടമാണ്. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് ഐ.എഫ്.എഫ്.കെ അവാർഡ് സ്വീകരിക്കാനെത്തിയ പായൽ കപാഡിയ മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. കാൻ മേളയിൽ പാംഡി ഓർ നേടിയശേഷം ആദ്യമായാണ് പായൽ കപാഡിയ കേരളത്തിലെത്തിയത്.അന്താരാഷ്ട്ര ഡോക്യുമെന്ററി മേളകളിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ള താൻ ആദ്യമായാണ് ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്നതെന്ന് പായൽ പറഞ്ഞു. കേരളത്തിലെ സിനിമാ പ്രേക്ഷകർ ശരിക്കും സ്‌പെഷ്യലാണ്. ഇവിടുത്തെ ചലച്ചിത്രമേളയിൽ യുവതലമുറ സിനിമകൾ കാണാൻ കൂട്ടത്തോടെ എത്തുന്നതും ആഹ്ലാദം പകരുന്നുവെന്ന് പായൽ കൂട്ടിച്ചേർത്തു.