
തിരുവനന്തപുരം: നഗര നയ കമ്മിഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സമ്പൂർണ്ണ റിപ്പോർട്ട് അടുത്ത വർഷം മാർച്ചിൽ സർക്കാരിന് സമർപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയം രൂപീകരിക്കാൻ കമ്മിഷനെ നിയോഗിക്കുന്നത്.
മന്ത്രി എം.ബി.രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നഗര നയകമ്മിഷൻ ചെയർമാൻ ഡോ.എം.സതീഷ് കുമാറാണ് റിപ്പോർട്ട് കൈമാറിയത്. കമ്മിഷനംഗങ്ങളായ ഡോ.ഇ.നാരായണൻ, അഡ്വ. എം.അനിൽ കുമാർ, ഡോ.ഷർമ്മിളാ മേരി ജോസഫ്, ഡോ.വി.വൈ.എൻ.കൃഷ്ണമൂർത്തി, വി.സുരേഷ്, ഡോ.കെ.എസ്.ജെയിംസ്, ഹിതേഷ് വൈദ്യ, ടിക്കന്തർ സിംഗ് പൻവാർ എന്നിവരും പങ്കെടുത്തു.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് സമഗ്രമായ നഗരനയം അനിവാര്യമാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. 2023 ഡിസംബറിലാണ് കമ്മിഷൻ രൂപീകരിച്ചത്. അടുത്ത 25 വർഷത്തെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്മ മേഖലകളിലെയും വികസന കാഴ്ചപ്പാടിനെ രൂപീകരിക്കുകയെന്നതാണ് നഗരനയം രൂപീകരിക്കുന്നതിന് പിന്നിലെ അടിസ്ഥാനമെന്നും മന്ത്രി വ്യക്തമാക്കി.