തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ സംഭവസ്ഥലത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് മനുഷ്യ ശരീരങ്ങൾ തന്നെയെന്ന് ഫോറൻസിക് വിദഗ്ദ്ധ ഡോ. ശശികല കോടതിയിൽ പറഞ്ഞു. പ്രതിയുടെ ബന്ധുവായ ലളിതയുടെ ശരീരം പകുതി കത്തിയ നിലയിൽ ആയിരുന്നു. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ലളിതയെ കത്തിക്കാൻ ശ്രമിച്ചെങ്കിലും സമീപത്ത് തീ ആളിക്കത്തിയത് കാരണം നടന്നില്ല. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ശരീര ഭാഗങ്ങളിലെ ഡി.എൻ.എ ശേഖരിച്ചതും മൃതദേഹങ്ങളിലെ മുറിവുകളെ സംബന്ധിച്ച് തെളിവ് നൽകിയതും ഡോക്ടർ ആയിരുന്നു. മുറിവുണ്ടായത് വെട്ടുകത്തി പോലെയുള്ള ആയുധം കൊണ്ടാണെന്ന് സാക്ഷി മൊഴി നൽകി. കേസിൽ ഇതുവരെ 30 സാക്ഷികളെ വിസ്തരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ കൂടി വിസ്തരിച്ചാൽ ആദ്യഘട്ട വിചാരണ പൂർത്തിയാകും.
2017 ഏപ്രിൽ 8നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളെയും സഹോദരിയുടെ ബന്ധുവിനെയുമാണ് കൊലപ്പെടുത്തിയത്. ക്ലിഫ് ഹൗസിനു സമീപത്തെ ബെയ്ൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിലാണ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.