തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്‌ത്രീകൾക്ക്‌ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ഒരുമിച്ചിരുന്ന് ജോലിചെയ്യാനും നിർമ്മിച്ച നഗരത്തിലെ ആദ്യ ഷീ സ്‌പേസ് ഉദ്ഘാടനം ചെയ്തു. തമ്പാനൂരിലെ നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ സജ്ജീകരിച്ച ഷീ ഹബ്ബും ഷീ സ്പേസും മന്ത്രി എം.ബി. രാജേഷ്‌ ഉദ്ഘാടനം ചെയ്തു. ഷീ സ്പേസിൽ മുറികൾ ബുക്ക് ചെയ്യുന്നതിന് മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ തയാറാക്കിയ സോഫ്റ്റുവെയറിന്റെ സ്വിച്ച്ഓൺ കർമവും മന്ത്രി നിർവഹിച്ചു.

മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ പി.കെ. രാജു, ആന്റണി രാജു എം.എൽ.എ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാജിദ നാസർ, ക്ലൈനസ് റൊസാരിയോ, മേടയിൽ വിക്രമൻ, സി.എസ്. സുജാദേവി എന്നിവർ പങ്കെടുത്തു.

 ഷീ സ്പേസിൽ

എ.സി, നോൺ എ.സി റൂമുകൾ, ഡോർമെറ്ററികൾ ഉൾപ്പെടെ 20 ബെഡുകളാണ് ഷീ സ്പേസിൽ ഒരുക്കിയിട്ടുള്ളത്. കംപ്യൂട്ടറും വൈഫൈ സൗകര്യവുമുണ്ട്. ദിവസം 100 രൂപയാണ് നിരക്ക്.

 വർക്കിംഗ് സ്പേസായ ഷീ ഹബിന് മണിക്കൂറിന് 50 രൂപ മുതലാണ് ഈടാക്കുന്നത്. ഒരേസമയം 26 പേർക്ക് ഉപയോഗിക്കാം. മിനി കോൺഫറൻസ് ഹാൾ, കഫറ്റേരിയ, സൂം മീറ്റിംഗിനുള്ള സംവിധാനവും ഇവിടെയുണ്ട്.

 ചുമതല കുടുംബശ്രീക്ക്

ഷീ ഹബ്ബിന്റെയും ഷീ സ്പേസിന്റെയും പ്രവർത്തന ചുമതല കുടുംബശ്രീയ്ക്കാണ്‌. നിലവിൽ ശ്രീകണ്ഠേശ്വരത്ത് വനിത ഹോസ്റ്റലും ഷീ ലോഡ്ജും പ്രവർത്തിക്കുന്നുണ്ട്. കഴക്കൂട്ടം, കടകംപള്ളി എന്നിവിടങ്ങളിൽ ഷീ സ്‌പേസ് നിർമാണം അന്തിമഘട്ടത്തിലാണ്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് തത്സമയം പരാതി കൊടുക്കാനുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നഗരസഭ ചിന്തിക്കണം. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്‌പെയിസിന് പിന്നിൽ. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്.

മന്ത്രി എം.ബി.രാജേഷ്