തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെക്ഷൻ കോടതിയുടേതാണ് നടപടി.കോടതിയുത്തരവ് ഇന്ന് പുറത്തിറങ്ങും.അത് കന്റോൺമെന്റ് പൊലീസിന് ലഭിച്ച മുറയ്ക്കേ അറസ്റ്റ് നടപടികളിലേക്ക് നീങ്ങൂ.
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ എസ്.എഫ്‌.ഐ യൂണിറ്റ് കമ്മിറ്റി പ്രവർത്തകരായ അമൽ,മിഥുൻ,അലൻ,വിധു എന്നിവരായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ നാലുപേരുടേയും അറസ്റ്റ് തിരുവനന്തപുരം അഡീഷണൽ സെക്ഷൻസ് കോടതി തടഞ്ഞിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഇസ്ലാമിക്ക് ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്.എഫ്‌.ഐ പ്രവർത്തകരിൽ നിന്ന് ക്രൂരമർദനമേറ്റത്.പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിത്തോരണങ്ങളും മറ്റും കെട്ടാൻ എസ്.എഫ്‌.ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും,എന്നാൽ തനിക്ക് കാലിന് സ്വാധീനക്കുറവുണ്ടെന്ന് പറഞ്ഞപ്പോൾ സംഘം മർദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.അതേ സമയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ ലക്ഷദ്വീപ് വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ കേസിൽ പ്രാഥമിക അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്.