pp

കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയ്യുന്ന വി.സി. അഭിലാഷിന്റെ എ പാൻ ഇന്ത്യൻ സ്‌റ്റോറിക്ക് ചലച്ചിത്രോത്സവത്തിൽ നിറഞ്ഞ കൈയടി.സർക്കാർ ജീവനക്കാരനായ ഹരി, ഭാര്യ സുജാത, മകൻ ശങ്കരൻ, ഹരിയുടെ സഹോദൻ മുരളി എന്നിവരിലൂടെയാണ് കഥയുടെ സഞ്ചാരം. ഇവരുടെ വീട്ടിലേക്ക് ഹരിയുടെ സുഹൃത്ത് റെജിയും കുടുംബവുമെത്തുന്നതോടെ കഥപറച്ചിലിന്റെ രീതി വേഗത്തിലാകുന്നു. കുട്ടികളെ വീട്ടിലാക്കി ഹരിയും റെജിയും ഭാര്യമാരോടൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നു. ആ സമയം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് സിനിമയുടെ ഗതി മാറ്റുന്നത്. വീട്ടകങ്ങളിലെ പതിവ് സംഭവങ്ങളും വീടിനകത്തും പുറത്തുമുള്ള കുടുംബാംഗങ്ങളുടെ പെരുമാറ്റവുമൊക്കെ കുട്ടികൾ നോക്കിക്കാണുന്നതും അനുകരിക്കുന്നതുമാണ് ചിത്രത്തിലൂടെ പറയുന്നത്. ജെൻഡർ ന്യൂട്രാലിറ്റി, ആൺമേൽക്കോയ്മ, ബോഡിഷെയ്മിംഗ് ഇങ്ങനെ പലതിലും ഏച്ചുകെട്ടലില്ലാതെ നിലപാട് പറഞ്ഞുവയ്ക്കാൻ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മുരളിയായി എത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ശങ്കരനായെത്തുന്ന ഡാവിഞ്ചി സതീഷും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സിനിമയുടെ പ്രദർശനങ്ങളെല്ലാം ഹൗസ് ഫുള്ളായിരുന്നു.ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്റണി, രമ്യ സുരേഷ്, ശൈലജ അമ്പു, ഫഹദ് സിദ്ദീഖ്, വിസ്മയ ശശികുമാർ, പർവർണ ദാസ്, റിതുപർണ, സതീഷ് കെ.കുന്നത്ത്, സിറിൽ, വിജയനുണ്ണി, ധനുജ ചിത്ര തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദീഖും ഫയെസ് മുഹമ്മദും ചേർന്നാണ് നിർമ്മാണം.