
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. ഏഴ് ദിവസത്തെ സമ്മേളനം 23ന് അവസാനിക്കും. സമ്പൂർണ്ണ ബഡ്ജറ്റ് സമ്മേളനത്തിനായി ഫെബ്രുവരിയിൽ വീണ്ടും ചേരും.
വിവാദമായ വനം ഭേദഗതി ബില്ല്, വയോജന കമ്മിഷൻ ഓർഡിനൻസിന് പകരമുള്ള ബില്ല് എന്നിവ ജനുവരിയിലെ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. സി.പി.എം സംസ്ഥാന സമ്മേളനം മാർച്ചിൽ നടക്കുന്നതിനാലാണ് സഭാസമ്മേളനം ഫെബ്രവരിയിൽ പിരിയുന്നതെന്ന് സൂചന. മുൻ എം.എൽ.എയുടെ മകന് ആശ്രിത നിയമനം നൽകിയത് സുപ്രീം കോടതി റദ്ദാക്കിയത്, കെ.എം ഷാജി കേസിൽ നേരിട്ട തിരിച്ചടി, സിസാ തോമസിനെ ഗവർണർ വൈസ് ചാൻസലർ ആക്കിയ നിയമനത്തിന് കോടതി സ്റ്റേ നൽകാത്തത് ഉൾപ്പെടെ പ്രതിപക്ഷം ചർച്ചയ്ക്ക് കൊണ്ടു വന്നേക്കും.