general

ബാലരാമപുരം: ബാലരാമപുരം-കല്ലിയൂർ അതിർത്തിയിൽപ്പെട്ട ഐത്തിയൂർ-തെങ്കറക്കോണം,​ ഐത്തിയൂർ നേതാജി റോഡ് എന്നിവയുടെ നവീകരണം നീളുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കാലങ്ങളായി ഈ പ്രദേശത്തെ റോഡുകളെല്ലാം തകർന്ന നിലയിലാണ്. നേതാജി പ്രൈമറി സ്കൂളും ഐത്തിയൂരാണ് സ്ഥിതിചെയ്യുന്നത്. കിലോമീറ്ററുകൾ നടന്ന് ബാലരാമപുരം ഫൊറോന പള്ളിക്ക് സമീപത്ത് നിന്നുമാണ് യാത്രക്കാർ മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നത്. ഇരുചക്രവാഹനം പോലും കടന്നുവരാൻ കഴിയാത്തവിധം റോഡുകൾ തകർന്നിരിക്കുകയാണ്.

മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ടിൽ വഴിയാത്രക്കാർക്ക് നടക്കാൻ കഴിയില്ല. ഐത്തിയൂർ -തെങ്കറക്കോണം,​ നേതാജി റോഡുകൾ കുണ്ടും കുഴിയും രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. എം.എൽ.എ ഉൾപ്പെടെ ബൈറോഡുകളുടെ നവീകരണത്തിന് ഫണ്ടുകൾ അനുവദിച്ച് പണികൾ ഇതിനോടകം പൂർത്തിയായെങ്കിലും പഞ്ചായത്ത് അതിർത്തിയിലെ മിക്ക ബൈറോഡുകളും തകർന്നനിലയിലാണ്.

ആവശ്യം ശക്തം

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചായത്തിൽ പുതിയ പ്രോജക്ടുകൾക്ക് മാസങ്ങളുടെ കാലാവധി മാത്രമേ ശേഷിക്കുന്നുള്ളൂ. നിലവിൽ റോഡുകളുടെ നവീകരണത്തിനായി പ്രോജക്ട് കൈമാറിയാലും ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. റോഡിന്റെ മെയിന്റെനൻസ് ജോലികളെങ്കിലും എത്രയും വേഗം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

റോഡ് നവീകരിക്കണം

ഐത്തിയൂരിൽ നിന്നും ബാലരാമപുരം മാർക്കറ്റ്,​ സാമൂഹിക ആരോഗ്യകേന്ദ്രം,​ സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെത്താൻ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. റോഡ് നവീകരണം വേഗത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തുണ്ട്. ഐത്തിയൂർ വഴി ട്രക്കർ സർവീസ് ഉണ്ടെങ്കിലും റോഡ് പൊളിഞ്ഞത് മൂലം ബൈറോഡുകളിലേക്കുള്ള സർവ്വീസ് നിറുത്തലാക്കിയിരിക്കുകയാണ്.

അപകടമുണ്ടാക്കുന്നു

പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് ഐത്തിയൂർ- തെങ്കറക്കോണം,​ ഐത്തിയൂർ നേതാജി റോഡുകളുടെ നവീകരണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്. ഐത്തിയൂർ-ഭഗവതിനട റോഡിൽ നിർമാണ സാമഗ്രികൾ റോഡിന് സമീപം കൂട്ടിയിട്ടിരിക്കുന്നതും അപകടമുണ്ടാവാൻ കാരണമാവുന്നു. പഞ്ചായത്ത് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.