dd

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെടുന്നവർക്കായി പോരാടുകയും ഏതുസാഹചര്യത്തിലും വിശ്വാസ്യത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പത്രമാണ് കേരളകൗമുദിയെന്ന് മുൻമന്ത്രി വി.എസ്. ശിവകുമാർ. പത്രപ്രവർത്തകനും കെ.പി.സി.സി മുൻ ട്രഷററുമായിരുന്ന അഡ്വ.വി.പ്രതാപചന്ദ്രന്റെ സ്മരണയ്ക്കായി വി.പ്രതാപചന്ദ്രൻ സ്മാരകസമിതി ഏർപ്പെടുത്തിയ പ്രഥമ മാദ്ധ്യമ അവാർഡ് കേസരി ഹാളിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രവായന ആരംഭിച്ചത് തലസ്ഥാനത്തിന്റെ പത്രമായ കേരളകൗമുദിയിലൂടെയാണെന്നും ശിവകുമാർ പറഞ്ഞു. കഴിവിനും അർഹതയ്ക്കും അനുസരിച്ചു അവസരങ്ങൾ ലഭിക്കാതെപോയ നേതാവാണ് പ്രതാപചന്ദ്രനെന്ന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു പറഞ്ഞു. പാർലമെന്ററി രംഗത്ത് വരേണ്ടയാളായിരുന്നു പ്രതാപചന്ദ്രൻ. പത്രപ്രവർത്തനത്തിൽ മികവുകൾ പ്രകടിപ്പിച്ച കേരളകൗമുദിയിലെ രാജേഷിന് പ്രതാപചന്ദ്രന്റെ പേരിലുള്ള അവാർഡ് നൽകിയത് ഉചിതമായെന്നും ലിജു പറഞ്ഞു.വന്നവഴി മറക്കാതെ സംശുദ്ധി കാത്തുസൂക്ഷിച്ച നേതാവാണ് പ്രതാപചന്ദ്രനെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സമിതി ചെയർമാൻ സി.ജയചന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ടി.ശരത്ചന്ദ്രപ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,കിംസ് ഡയറക്ടർ ഇ.എം.നജീബ്,വഞ്ചിയൂർ രാധാകൃഷ്ണൻ തുടങ്ങിയവരും പ്രതാപചന്ദ്രന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.