
വർക്കല: വർക്കല-ശിവഗിരി റെയിൽവേസ്റ്റേഷന് മുന്നിലുള്ള പ്രധാന റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽത്തന്നെ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. എന്നാൽ ഇവിടം പാർക്കിംഗ് കേന്ദ്രമായി ഒതുങ്ങി. അതേസമയം, സ്റ്റാൻഡിനുള്ളിലെ ഹമ്പുകളും റോഡിലെ ഗട്ടറുകളും കാരണം സ്റ്റാൻഡിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് നഗരസഭ പ്രശ്നം പരിഹരിച്ചിട്ടും ബസുകൾ സ്റ്റാൻഡിലേക്ക് കയറാറില്ലെന്നാണ് പരാതി. ഗതാഗത പ്രശ്‍നങ്ങൾ രൂക്ഷമായിട്ടും നിയമലംഘനങ്ങൾ ഫലപ്രദമായ രീതിയിൽ തടയാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
അനധികൃത പാർക്കിഗും
അനധികൃത വാഹനപാർക്കിഗും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പാർക്കിംഗിന് ആവശ്യമായ സ്ഥലമില്ലാതായി. ഇതുമൂലം ഇരുചക്രവാഹനങ്ങൾ തോന്നിയതുപോലെ റോഡിൽ പാർക്ക് ചെയ്യാനും തുടങ്ങി. സ്റ്റേഷനിൽ യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾക്ക് സ്റ്റേഷന്റെ ഉള്ളിൽകയറാൻ പറ്റാറില്ല. അനധികൃത പാർക്കിംഗ് സ്ഥിരമാണെങ്കിലും ഇവരെ നിയന്ത്രിക്കാൻ മാസത്തിലൊരിക്കൽ മാത്രമാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ എത്തി പിഴ ഈടാക്കുന്നത്.
ടൗണിലും
മൈതാനം ടൗണിൽ നിന്നും റെയിൽവേ സ്റ്റേഷൻ, പുത്തൻചന്ത, പാപനാശം എന്നിവിടങ്ങളിലേക്കുള്ള റോഡിന്റെ ഇരുവശവും പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വർക്കല മുനിസിപ്പൽ പാർക്കിനോട് ചേർന്നുള്ള ഭാഗത്ത് റോഡിൽ തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മിക്കസമയങ്ങളിലും ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.