
ചിറയിൻകീഴ്: പരീക്ഷകഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയുടെ കാലിലൂടെ കാർ കയറി കാൽവിരലിന് പൊട്ടൽ. കൂന്തള്ളൂർ ഗവ.പി.എൻ.എം.ജി.എച്ച്.എസിലെ 9ാം ക്ലാസ് വിദ്യാർത്ഥി ഗോവർദ്ധൻ.എസിനാണ് അപകടത്തിൽ പരിക്കേറ്റത്. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ഗോവർദ്ധനും സുഹൃത്തായ ആകാശും വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം എഡ്യൂ സോൺ എന്ന സ്ഥാപനത്തിന് സമീപത്തുവച്ച് ചിറയിൻകീഴ് ഭാഗത്തുനിന്ന് കോരാണിയിലേയ്ക്ക് പോയ കാർ ഗോവർദ്ധനന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടശേഷം കാർ നിറുത്താതെ പോയി.
ഉച്ചയ്ക്ക് ശേഷവും പരീക്ഷയുള്ളതിനാൽ ഗോവർദ്ധൻ വീട്ടിൽ പോകാതെ സ്കൂളിലേക്ക് മടങ്ങി. പരീക്ഷ എഴുതി കഴിഞ്ഞപ്പോഴേക്കും കാലിൽ നീരും വേദനയും വർദ്ധിച്ചതോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം നിറുത്താതെപോയ കാർ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഗോവർദ്ധന്റെ പിതാവ് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി.