k

ചലച്ചിത്രമേളയിൽ താൻ അഭിനയിച്ച രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിച്ചതിൽ നാടകനടനായ കൃഷ്ണൻനായർക്ക് അളവറ്റ അഭിമാനം. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന സിനിമയിലും മലയാളം സിനിമാ ടുഡേ വിഭാഗത്തിലുള്ള ബാബുസേനൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ദി ലുക്കിംഗ് ഗ്ലാസ് (മുഖക്കണ്ണാടി) എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങളാണ് കൃഷ്ണൻ നായർ അവതരിപ്പിച്ചത്. അപ്പുറത്തിൽ നടൻ ജഗദീഷിന്റെ ഭാര്യയുടെ അച്ഛനായാണ് വേഷമിട്ടത്. ദി ലുക്കിംഗ് ഗ്ലാസിൽ സമൂഹത്തിൽ നിന്നുൾവലിഞ്ഞ വ്യക്തിയുടെ വേഷവും. ബാലരാമപുരം അതിയന്നൂർ സ്വദേശിയാണ് 65കാരനായ കൃഷ്ണൻനായർ. റസൽപുരം യു.പി സ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്നു. 2016ൽ വിരമിച്ചു. നന്മ, അസുരവിത്ത്, കോൾഡ്കേസ്, റോസാപ്പൂ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിൽ അവസരം കുറ‌ഞ്ഞ് ജീവിതം വഴിമുട്ടിയപ്പോൾ സ്വന്തമായെഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച ഏകാംഗ നാടകങ്ങൾ അരങ്ങിലെത്തിച്ചിട്ടുണ്ട്.