kattupannikal

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നഗരസഭ ആരോഗ്യ വിഭാഗം വീണ്ടും കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. നഗരസഭ പരിധിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ ആരോഗ്യ വിഭാഗം നടത്തിയ തിരച്ചിലിലാണ് 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. കൃഷിയിടങ്ങളിലും മാലിന്യ നിക്ഷേപമുള്ള പ്രദേശങ്ങളിലും കാട്ടുപന്നികൾ തമ്പടിച്ചിരിക്കുകയാണ്. 6 പന്നികൾക്ക് നേരെയാണ് വെടിവെച്ചതെങ്കിലും 3 എണ്ണത്തിന് വെടിയേറ്റതോടെ ഇവ ചിതറിയോടി.

ഇത്തവണത്തെ പരിശോധനയിൽ ചുറ്റുമതിലില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിൽ പന്നിക്കൂട്ടത്തെ കണ്ടെത്തി. അതിനാൽ തുടർന്നുള്ള ആഴ്ചയിലും സ്ക്വാഡിന്റെ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു. വനംവകുപ്പിന്റെ കീഴിലെ അംഗീകൃത ഷൂട്ടർമാരും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, സെലീന, കണ്ടിജെന്റ് ജീവനക്കാരായ ശശികുമാർ, മനോജ്, അജി തുടങ്ങിയവർ സ്ക്വാഡിലുണ്ടായിരുന്നു.