
തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്ക് തുടക്കം. കൃഷിവകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ തുക 18 ശതമാനം പലിശസഹിതം തിരിച്ചടയ്ക്കണം..,
കാസർകോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ ഗ്രേഡ് 2 അറ്റൻഡർ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസിലെ പാർട്ട്ടൈം സ്വീപ്പർ ഷീജാകുമാരി.ജി, വടകര മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ പാർട്ട്ടൈം സ്വീപ്പർ ഭാർഗവി.പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ കാര്യാലയത്തിലെ പാർട്ട്ടൈം സ്വീപ്പർ ലീല.കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട്ടൈം സ്വീപ്പർ രജനി.ജെ എന്നിവർക്കെതിരെയാണ് നടപടി.
അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്ന ജീവനക്കാരുടെ വിവരങ്ങൾ ധനവകുപ്പ് കൃഷി വകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് മണ്ണ് സംരക്ഷണ വിഭാഗം ഡയറക്ടർ സാജു.കെ.സുരേന്ദ്രൻ നടപടിയെടുത്തത്.
പട്ടികയിൽ 1458 പേർ
ഗസറ്റഡ് ഉദ്യോഗസ്ഥരടക്കമുള്ള 1458പേർ മാസം 1600രൂപ ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയെന്ന് കണ്ടെത്തിയത് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിൽ. ആരോഗ്യ വകുപ്പിലാണ് ഏറ്റവുമധികം- 373പേർ. രണ്ടാംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്- 224പേർ
അനർഹമായി കൈപ്പറ്റിയതുക ജീവനക്കാരിൽ നിന്ന് പലിശയടക്കം തിരിച്ചു പിടിക്കണമെന്ന് ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവിറക്കിയിരുന്നു. വകുപ്പുതല നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു
23 ലക്ഷം
മാസം അനധികൃതമായി
കൈപ്പറ്റിയ ക്ഷേമപെൻഷൻ
2.25 കോടി
ഒരു വർഷം അനധികൃതമായി
കൈപ്പറ്റിയത്
''ജീവനക്കാർ ഇത് അബദ്ധത്തിൽ ചെയ്തതാണെന്ന് കരുതുന്നില്ല. ഗൗരവകരമായ അന്വേഷണം ആവശ്യമാണ്
-പി.പ്രസാദ്,
കൃഷിമന്ത്രി