
അപ്പുവും അമലുവും വിഷമിക്കരുത്. നന്നായി പഠിക്കുക. പൊലീസിലല്ലാതെ ഏതെങ്കിലും ജോലി നേടിയെടുക്കുക, അമ്മയെ നോക്കണം... - മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാനാവാതെ സ്വയം അവസാനിപ്പിച്ച കളമശേരി എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന വാളകം സ്വദേശി ജോബി ദാസിന്റെ (48) ആത്മഹത്യാ കുറിപ്പിലെ വരികൾ കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല.
കൈക്കൂലി വാങ്ങുകയോ മദ്യപിക്കുകയോ ചെയ്യാത്ത തന്നെ രണ്ട് മേലുദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും പന്ത്രണ്ട് ഇൻക്രിമെന്റുകൾ തടഞ്ഞെന്നും അവരുടെ പേരുകൾ സഹിതം കുറിപ്പിലുണ്ടായിരുന്നു. തന്റെ മൃതദേഹം കാണാൻ പോലും അവർ വരരുതെന്ന ജോബി ദാസിന്റെ ആത്മഹത്യാ കുറിപ്പിനേക്കാൾ വലിയ തെളിവ്, സേനയിലെ മാനസിക പീഡനത്തിന് സർക്കാരിന് ആവശ്യമുണ്ടോ? ആരോപണ വിധേയർക്കെതിരേ അന്വേഷണവും നടപടിയുമെല്ലാം ചടങ്ങായി. അവരിപ്പോഴും കാക്കിയിട്ട് വിലസുന്നു.
ജോബിയെപ്പോലെ ജീവിതത്തിന് അവസാന സല്യൂട്ട് നൽകി മരണത്തിലേക്ക് നടന്നുപോയ പൊലീസുകാർ ഏറെയുണ്ട്. ഏതു പാതിരാത്രിക്കും ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പൊലീസുകാർ മനോസമ്മർദ്ദം താങ്ങാനാവാതെ സ്വയം അവസാനിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ പരിശീലനം നേടിയും ആയോധന മുറകൾ വശത്താക്കിയും കരുത്തും ആത്മബലവുമാർജ്ജിച്ച പൊലീസിന് എന്തുപറ്റിയെന്ന ശാസ്ത്രീയവും ഗൗരവമുള്ളതുമായ പഠനം സർക്കാർ നടത്തുന്നതേയില്ല. ജോലിസമ്മർദ്ദം, വിഷാദരോഗം, കുടുംബപ്രശ്നം... എന്നിങ്ങനെ ആത്മഹത്യകൾക്ക് സർക്കാർ ഏതാനും കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങൾക്കും കാരണം ഇപ്പോഴും രേഖകളിൽ അജ്ഞാതം. ചൊവ്വാഴ്ച ജീവനൊടുക്കിയ പിറവം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശി ബിജുവിന്റെ മരണത്തിന് കാരണവും വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദവുമെന്നാണ് ഔദ്യോഗിക ഭാഷ്യം.
നടുവേദന മാറ്റാൻ
തുടർ ഡ്യൂട്ടി!
കടുത്ത നടുവേദനയെടുത്താലും പരിശീലന ഓട്ടം ഒഴിവാക്കി നൽകാത്ത മേലുദ്യോഗസ്ഥരുണ്ട്. അസഹ്യമായ നടുവേദനയുണ്ടായിട്ടും അവധി നൽകാതിരുന്നതിനെത്തുടർന്ന് നന്ദാവനം എ.ആർ ക്യാമ്പിലെ പൊലീസുകാരൻ അസി. കമൻഡാന്റ് ഓഫീസ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചത് അടുത്തിടെയാണ്. സഹപ്രവർത്തകർ സമയത്ത് ഇടപെട്ടതിനാൽ അത്യാഹിതം ഒഴിവായി. രണ്ടുമാസത്തോളമായി അവധിയെടുക്കാതെ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
നടുവേദനയ്ക്ക് ചികിത്സയ്ക്കായി മൂന്നു ദിവസത്തെ അവധിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ആരോഗ്യകാരണങ്ങൾ വിശദീകരിച്ച് അസി. കമൻഡാന്റിന് അവധി അപേക്ഷ നൽകിയപ്പോൾ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണം. തൊപ്പി വലിച്ചെറിഞ്ഞ്, ഓഫീസ് കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി ജീവനൊടുക്കാൻ ശ്രമിച്ചു. കുഴപ്പക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
ഡ്യൂട്ടി മാറ്റിയിട്ട് തട്ടിക്കളിക്കുന്നതിനാൽ ഭാര്യയെപ്പോലും മാസങ്ങളായി കാണാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും തലസ്ഥാനത്തെ ട്രാഫിക് അസി. കമ്മിഷണർ അടക്കം നാല് പൊലീസുകാരെ കുറ്റപ്പെടുത്തിയും പൊലീസുകാരൻ ആത്മഹത്യാ ഭീഷണി റെക്കാർഡ് ചെയ്ത് പൊലീസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടതും അടുത്തിടെയാണ്. മാസങ്ങളായി മാനസികമായി പീഡിപ്പിക്കുന്നതായും സ്ഥിരം ഡ്യൂട്ടി നൽകാതെ ബുദ്ധിമുട്ടിക്കുന്നതായും സന്ദേശത്തിലുണ്ടായിരുന്നു. 50 ദിവസമായി മെഡിക്കൽ അവധിയിലായിരുന്നു. തിരിച്ചെത്തിയ ശേഷമാണ് ഏമാന്മാരുടെ പ്രതികാരം!
അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഇടതു പാനലിന് വോട്ട് ചെയ്യാതിരുന്നതായിരുന്നു കാരണം. താമസസ്ഥലമായ കൊല്ലത്തു നിന്ന് തലസ്ഥാനത്തെത്തുമ്പോൾ ആദ്യം നിശ്ചയിച്ച ഡ്യൂട്ടി മറ്റൊരിടത്തേക്ക് മാറ്റും. നിരന്തരം മാനസികമായി പീഡിപ്പിക്കുന്നു. ഓടിയോടി മതിയായെന്നാണ് ആ പൊലീസുകാരൻ തന്റെ സന്ദേശത്തിൽ പറഞ്ഞത്. സ്പെഷ്യൽബ്രാഞ്ച് അസി. കമ്മിഷണർ അന്വേഷിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
മാർഗദർശി
എവിടെ ?
സേനാംഗങ്ങൾക്ക് മാർഗനിർദ്ദേശം നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഏർപ്പെടുത്തിയ മെന്ററിംഗ് സംവിധാനം പ്രഖ്യാപനത്തിലൊതുങ്ങി. സി.പി.ഒ മുതൽ ഡിവൈ.എസ്.പിമാർ വരെയുള്ളവർക്ക് മുതിർന്ന ഉദ്യോഗസ്ഥൻ മാർഗനിർദ്ദേശിയാകാനും, സ്വതന്ത്രമായി സംസാരിക്കാനും പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയുന്നതിലൂടെ ആത്മഹത്യാ നിരക്ക് കുറയ്ക്കാനാവുമെന്നുമായിരുന്നു വിലയിരുത്തൽ. അന്യസംസ്ഥാന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ 'സീനിയർ മെന്ററിംഗ് സ്കീം"നിലവിലുണ്ട്. ജൂനിയർ ഐ.പി.എസുകാർക്ക് മാർഗനിർദ്ദേശം നൽകുന്നത് ഡി.ഐ.ജിയോ മേലുദ്യോഗസ്ഥരോ ആണ്. സമാനമായിട്ടായിരുന്നു മാർഗദർശി പദ്ധതി. ജോലിഭാരം, മേലുദ്യോഗസ്ഥരുടെ പീഡനം, അപമര്യാദ, അധികാരത്തർക്കം, സമ്മർദ്ദം തുടങ്ങിയവ മാർഗനിർദ്ദേശിയെ അറിയിക്കാമായിരുന്നു. ഇതിലെ അപകടം മണത്ത പൊലീസ് ഉന്നതർ പദ്ധതി പൊളിച്ചടുക്കി!
ജോലിസമ്മർദ്ദത്തിനൊപ്പം കുടുംബ പ്രശ്നങ്ങൾ കൂടിയുണ്ടാവുന്നതാണ് ആത്മഹത്യകൾക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. തുടർച്ചയായ ഡ്യൂട്ടിയും വില്ലനാണ്. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സ്റ്റേഷനുകളുണ്ട്. അമിത ജോലിഭാരം കാരണം വയനാട്ടിലെ വനിതാ എസ്.എച്ച്. ഒ ഡ്യൂട്ടിക്കിടെ സ്റ്റേഷൻ വിട്ടുപോയ സംഭവമുണ്ടായിട്ടുണ്ട്. അസി. കമ്മിഷണറുടെ ശകാരം കാരണം നാടുവിട്ട എറണാകുളം സെൻട്രൽ സി.ഐയായിരുന്ന നവാസിനെ കോയമ്പത്തൂരിൽ കണ്ടെത്തുകയായിരുന്നു. നവാസ് ഇപ്പോൾ ഡിവൈ.എസ്.പിയാണ്. മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ സേനാംഗങ്ങൾക്ക് ദീർഘനേരം തുടർച്ചയായി ഡ്യൂട്ടി നൽകരുതെന്ന ഡി.ജി.പിയുടെ നിർദ്ദേശവും ഫലംകണ്ടില്ല. തുടർച്ചയായി ഡ്യൂട്ടി ചെയ്ത പൊലീസുകാർ കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവർ ലഘുവായ ഡ്യൂട്ടികൾ നേടിയെടുക്കുമ്പോൾ മറ്റുള്ളവർക്ക് ജോലിഭാരമേറും.
സമ്മർദ്ദം കുറയ്ക്കാൻ
 പൊലീസുകാരുടെ പ്രശ്നങ്ങൾ സ്റ്റേഷൻ ഇൻസ്പെക്ടർ മനസിലാക്കണം
 സ്റ്റേഷനിലെ പൊലീസുകാരെ ഒരു കുടുംബംപോലെ പരിഗണിക്കണം
 മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് ലഘുവായ ഡ്യൂട്ടികൾ നൽകണം
 നിസാര കാര്യങ്ങളിൽ തളരാതിരിക്കാൻ മേലുദ്യോഗസ്ഥർ പ്രചോദിപ്പിക്കണം
ആത്മഹത്യയ്ക്ക്
കാരണങ്ങൾ
1) മനോസമ്മർദ്ദം
2) ജോലിസമ്മർദ്ദം
3) സാമ്പത്തികം
4) കുടുംബപരം
5) ആരോഗ്യപരം
6) കഠിനഡ്യൂട്ടി
7) അവധിയില്ലായ്മ
8) ശകാരമേൽക്കൽ
(തുടരും)