
തിരുവനന്തപുരം: വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ കോടികൾ നൽകിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്.എഫ്. ഐ. ഒയ്ക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുണ്ടെന്ന് മാത്യൂ കുഴൽനാടൻ എം.എൽ.എ.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇപ്പോഴുമുണ്ടോ? ഇന്ററീം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ പി.വി താനല്ലെന്ന് ഒരിക്കൽക്കൂടി കേരളീയ പൊതുസമൂഹത്തോട് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സി.എം.ആർ.എൽ നൽകിയ കോടികൾ കൈപ്പറ്റിയ പി.വി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും വാർത്താ സമ്മേളനത്തിൽ കുഴൽനാടൻ പറഞ്ഞു.
കേസിൽ ആർക്കു വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നതെന്ന് കുഴൽനാടൻ ചോദിച്ചു.