
തിരുവനന്തപുരം : നഗരങ്ങളുടെ ഭരണം പ്രൊഫഷണൽ രീതിയിലേക്ക് മാറ്റണമെന്നും അതിനായി സിറ്റി മാനേജ്മെന്റ് സിസ്റ്റവും ധനകാര്യമാനേജ്മെന്റ് ടീമും സജ്ജമാക്കണമെന്നും നഗരനയ കമ്മിഷന്റെ ശുപാർശ. സിറ്റിമാനേജർ എന്ന തസ്തിക ഉൾപ്പെടെ സൃഷ്ടിച്ച് വിവിധമേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവരെ ഭരണസംവിധാനത്തിന്റെ തലപ്പത്ത് എത്തിക്കണമെന്നാണ് കമ്മിഷൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയങ്ങളിലൊന്ന്.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കുന്നതെന്നും നിർദ്ദേശങ്ങൾ സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുമായി ഉൾപ്പെടെ വിശദമായ ചർച്ച നടത്തുമെന്നും നയത്തിലെ ശുപാർശകൾ സംബന്ധിച്ച് വിശദമായ ചർച്ചകളും സംവാദങ്ങളും ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെ കൗൺസിലിൽ 25ശതമാനം യുവജനങ്ങളായിരിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ ധനസമാഹരണം നടത്തി ശക്തിപ്പെടുന്നതിനായി ആറ് കോർപ്പറേഷനിലും ക്രെഡിറ്റ് റേറ്റിംഗ് പുതുക്കണമെന്നും തുടർന്ന് കേരള മുനിസിപ്പൽ ബോണ്ടുകൾ അവതരിപ്പിക്കണമെന്നും ശുപാർശയുണ്ട്. സ്വന്തം നിലയിൽ വായ്പകളെടുത്താൽ തിരിച്ചടയ്ക്കാനുള്ള ശേഷി ഓരോ കോർപറേഷനും എത്രയുണ്ടെന്നത് ക്രെഡിറ്റ് റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കേണ്ടത്.
കൊച്ചി, തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങൾക്ക് മെട്രോ പൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി ഉടനടി വേണമെന്നും അടുത്ത 10 വർഷത്തിനുള്ളിൽ കൊല്ലം, തൃശ്ശൂർ, കണ്ണൂർ നഗരങ്ങളിൽ സജ്ജമാക്കണമെന്നും കമ്മിഷൻ ശുപാർശയുണ്ട്.
അടുത്ത 25 വർഷത്തേക്ക് നഗരത്തിനു വേണ്ട വികസന കാഴ്ചപ്പാടാണ് റിപ്പോർട്ടിലുള്ളത്.
മറ്റുപ്രധാന ശുപാർശകൾ
1.സംരംഭങ്ങളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തുന്നതിന് ജില്ലാതല മാപ്പിംഗ്.
2. മുനിസിപ്പാലിറ്റികളിൽ പ്രത്യേക പ്രൊജക്ടുകൾ നടപ്പാക്കുന്നതിനുള്ള സ്‌പെഷ്യൽ പർപ്പസ്സ് വെഹിക്കിൾ.
3. അപകട പ്രവചനങ്ങൾ നടത്താൻ കഴിയുന്ന സ്മാർട്ട് കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം
4. നാലു ചക്ര വാഹനങ്ങളിലേക്ക് ആളുകൾ മാറുന്നതോടൊപ്പം ഡീകാർബണൈസ് സിസ്റ്റം
5. നഗരങ്ങളിലെ വാഹനങ്ങൾക്ക് വാർഷിക ഹരിത ഫീസിനൊപ്പം ഒറ്റത്തവണ ഫീസും