തിരുവനന്തപുരം: പുതുവർഷത്തിൽ പുതുമോടിയോടെ പുത്തനാകാൻ ഒരുങ്ങുകയാണ് ശംഖുംമുഖം ബീച്ച്.ഇതോടെ മാനവീയം വീഥി കഴിഞ്ഞാൽ നഗരത്തിലെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി ശംഖുംമുഖം മാറും.ഇപ്പോഴും ബീച്ചിൽ ജനത്തിരക്കെറെയാണ്. കടലേറ്റം കുറഞ്ഞ സാഹചര്യത്തിൽ ഇപ്പോൾ കൂടുതൽ സ്ഥലം ബീച്ചിനായുണ്ട്.
നവീകരിച്ച ശംഖുംമുഖം ബീച്ച് ജനുവരിയിൽ തന്നെ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഫുഡ് സ്ട്രീറ്റാണ് പ്രധാന ആകർഷണം. നിർമ്മിതി കേന്ദ്രത്തിനാണ് ഫുഡ് സ്ട്രീറ്റ് നിർമ്മാണച്ചുമതല. ഇവിടെയുള്ള 40 വഴിയോരക്കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ഇവർക്കായുള്ള കടകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കടകൾക്കെല്ലാം ഒറ്റ നിറം നൽകാനാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന നഗരസഭ അധികൃതർ അറിയിച്ചത്. നഗരസഭയും സ്മാർട്ട് സിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കച്ചവടക്കാരുടെ സംയുക്ത യോഗവും ചേരും.
പദ്ധതി നടപ്പാക്കുന്നത് - നഗരസഭയും സ്മാർട്ട് സിറ്റിയും ചേർന്ന്
മാലിന്യ സംസ്കരണത്തിന്
പുതിയ പദ്ധതി
ദിനംപ്രതി 500കിലോയോളം മാലിന്യമുണ്ടാകുന്ന ബീച്ചിൽ മാലിന്യം സംസ്കരണത്തിന് പുതിയ പദ്ധതി സജ്ജീകരിച്ചു കഴിഞ്ഞു.ആഹാരാവശിഷ്ടം വളമാക്കി മാറ്റുന്ന കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ശംഖുംമുഖം ബീച്ചിലെ സുനാമി പാർക്കിലെ കെട്ടിടത്തിലാണ് സംസ്കരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.മാലിന്യങ്ങൾ ഈ മെഷീനിലേക്ക് തള്ളും.മെഷീനുള്ളിൽ വച്ചിത് കഷണങ്ങളാക്കും.തുടർന്ന് സംസ്കരണ പ്രക്രിയ്ക്ക് വിധേയമായി ചണ്ടിയായി പുറത്ത് വരും.ആഹാര മാലിന്യത്തിലെ വെള്ളം വേറെ വഴിയും പുറത്ത് വരും. ചണ്ടിയായി പുറത്തുവരുന്നതിൽ ഇനോക്കുലം (ചകിരിച്ചോറ്) കൂട്ടി ചേർത്ത് 10 ദിവസം വയ്ക്കുമ്പോൾ വളമായി മാറും.ഇത് വില്പനയ്ക്കോ മറ്റോ ഉപയോഗിക്കാം.ഇതിന്റെ പ്രവർത്തനവും ജനുവരിയിൽ ആരംഭിക്കാനാണ് പദ്ധതി.
ഫുഡ് സ്ട്രീറ്റിൽ
കമാനംമുതൽ വഴിവിളക്കുകൾ
വൈദ്യുതാലങ്കാരം
സ്മാർട്ട് ബിന്നുകൾ
മാലിന്യസംസ്‌കരണ യൂണിറ്റുകൾ
ഇരിപ്പിടങ്ങൾ
ആകർഷണീയമായ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമായിരിക്കും ഓരോ സ്റ്റാളും തയ്യാറാക്കുന്നത്.
നൈറ്റ് ലൈഫ് യാഥാർത്ഥ്യമായാൽ ബീച്ച് ഗെയിംസ്,ബീച്ച് കേന്ദ്രീകരിച്ച് സാംസ്കാരിക മേളകൾ എന്നിവയും സംഘടിപ്പിക്കുന്നത് പരിഗണനയിലാണ്.
പ്രതീക്ഷിക്കുന്ന ചെലവ് - 2.75 കോടി രൂപ