''ഇങ്ങനെയൊരു ചലച്ചിത്രമേള ആദ്യത്തെ അനുഭവമാണ്. കേരളത്തിലെത്താൻ വൈകിയെന്ന് തോന്നുന്നു. മനോഹരമാണിവിടം..."" പ്രശസ്ത ജോർജിയൻ ചലച്ചിത്രകാരി നാനാ ജോർജഡ്‌സെയുടെ വാക്കുകളാണിത്. ധാരാളം നല്ല സിനിമകൾ കണ്ടു. മത്സരവിഭാഗത്തിലെ ഇന്ത്യൻ സിനിമകൾ അതിശയിപ്പിക്കുന്നതായിരുന്നു - അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറിയംഗം കൂടിയായ ജോർജഡ്‌സെ കേരളകൗമുദിയോട് സംസാരിച്ചപ്പോൾ.

കേരളത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ''വെരി നൈസ്""

വനിതകൾക്ക് മുൻഗണന നൽകുന്ന ചലച്ചിത്രോത്സവം?

അത് നല്ലതാണ്. സ്‌ത്രീകൾക്ക് അവരുടെ പ്രശ്നങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടും കൂടുതൽ സത്യസന്ധമായി പറയാൻ കഴിയും.

ഇതുവരെ കണ്ട സിനിമകൾ?

നല്ല അനുഭവമായിരുന്നു. ഒന്നും പ്രവചിക്കാനാകില്ല. കുറെ നല്ല ചിത്രങ്ങൾ കണ്ടു.

സ്വന്തം സിനിമകളെക്കുറിച്ച്?

പ്രത്യേകമായൊരു സിനിമ സംസ്‌കാരം ജോർജിയക്കില്ല.മാജിക്കൽ റിയലിസത്തെ സിനിമകളിൽ സ്വംശീകരിക്കാനാണ് ഞാനേറെ ഇഷ്ടപ്പെട്ടിരുന്നത്. അതിനാണ് ശ്രമിച്ചതും. എന്റെ യഥാർത്ഥ ജീവിതത്തിലും മാജിക് റിയലിസത്തെ മാറ്റിനിറുത്താനോ അതിന്റെ അതിർവരമ്പുകൾ നിർണയിക്കാനോ സാധിച്ചിരുന്നില്ല. യാഥാർത്ഥ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നതല്ല, യഥാർത്ഥ മനുഷ്യരും മനുഷ്യജീവിതങ്ങളുമാണ് എന്റെ സിനിമയിൽ.

റഷ്യ- ഉക്രൈൻ യുദ്ധം അവസാനിക്കുന്നില്ലല്ലോ

എല്ലാ യുദ്ധങ്ങളേയും കലാപ്രവർത്തകർക്ക് അംഗീകരിക്കാനാവില്ല.

 തിരുവനന്തപുരത്തെ താമസമെങ്ങനെ?

നല്ല കാലാവസ്ഥ. രാവിലെ മ്യൂസിയത്ത് നടക്കാൻ പോകും. എല്ലാവരും വേഗത്തിൽ നടക്കുന്നു. നല്ല പശ്ചാത്തലവും. ഗോവയിലുൾപ്പെടെ നേരത്തെ പോയിട്ടുണ്ട്. അവിടെ നിന്നെല്ലാം വ്യത്യസ്തമാണിവിടം.ആഹാരവും ഭൂപ്രകൃതിയും ഇഷ്ടപ്പെട്ടു.

ജോർജ്ജിയൻ ചലച്ചിത്ര സംവിധായികയും നിർമ്മാതാവും നടിയും മാത്രമല്ല നാനാ ജോർജഡ്‌സെ. വാസ്തുശില്പി, നടി, വസ്ത്രാലങ്കാരം, സെറ്റ് ഡിസൈനർ, എഴുത്തുകാരി എന്നീ നിലകളിലും അറിയപ്പെടുന്ന കലാകാരിയാണ്. ജോർജഡ്‌സെയുടെ ആദ്യ സംവിധാന സംരംഭമായ റോബിൻസോനാഡ (1987), കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ നേടിയിട്ടുണ്ട്.