swami-thyageeswaran

ശിവഗിരി : ഗുരു നിത്യചൈതന്യയതിയുടെ രചനകൾ ഭാഷാരൂപത്തിനു പുറമേ സംഭവങ്ങളായി മനുഷ്യമനസ്സുകളിൽ പതിയുമെന്നും ഇംഗ്ലീഷിലും മലയാളത്തിലും നൂറുകണക്കിനു ഗ്രന്ഥങ്ങളാണ് യതിയിൽ നിന്നും ലഭ്യമായതെന്നും നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ പറഞ്ഞു. 92-ാമതു ശിവഗിരി തീർത്ഥാടന കാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ഏതു വിഷയങ്ങളിലുമുള്ള രചനകൾ യതിയെ മറ്റു എഴുത്തുകാരിൽ നിന്നും വേറിട്ടു നിറുത്തിയിരുന്നു. ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങി സമസ്ത മേഖലകളിലും പഠനാർഹമായ കൃതികളാണ് അദ്ദേഹം സമൂഹത്തിന് ലഭ്യമാക്കിയത്. ഓരോ കൃതികളും അദ്ദേഹത്തിന്റെ അപാരമായ അറിവിന്റെ ലോകം ഏവർക്കും ബോധ്യപ്പെടും വിധമായിരുന്നുവെന്നും സ്വാമി ത്യാഗീശ്വരൻ പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗവും കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറിയുമായ സ്വാമി വിശാലാനന്ദ അദ്ധ്യക്ഷതവഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വവിഖ്യാതനായ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മഹത്വം നിത്യചൈതന്യയതിയിലും ദർശിക്കാനായെന്നും ഗുരുനിത്യചൈതന്യയതിയെ കേരളീയ സമൂഹം വേണ്ടവിധം ഉൾക്കൊണ്ടിരുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജയരാജ് ഭാരതി കൊരട്ടി, മോഹനൻ പഞ്ഞിവിള, ഗുരുധർമ്മ പ്രചരണ സഭാ കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.