s

തിരുവനന്തപുരം: ദേശത്തിനും കാലത്തിനും അതീതമായി പ്രവർത്തിക്കുന്ന മാർഗി കലാകേരളത്തിന്റെ തറവാടാണെന്ന് സാഹിത്യകാരനും മാർഗി പ്രസിഡന്റുമായ ജോ‌ർജ് ഓണക്കൂർ പറഞ്ഞു. മാർഗിയുടെ ദീർഘകാല സെക്രട്ടറിയും പ്രോഗ്രാം ചീഫുമായിരുന്ന പി.രാമയ്യരുടെ പന്ത്രണ്ടാം ചരമവാർഷികസമ്മേളനം കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ശ്രേഷ്ഠ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാർഗി സമഗ്രസംഭാവന ചെയ്തു. പി.രാമയ്യരുടെ സ്നേഹവായ്പ്പ് കാലാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമയ്യരുടെ ഓർമ്മകൾ ഇന്നും മാർഗിക്ക് വഴികാട്ടുന്നുവെന്ന് മാർഗി സെക്രട്ടറി എസ്.ശ്രീനിവാസൻ പറഞ്ഞു.

രാമയ്യർ മാർഗിയെ വളർത്തി എന്നതിനേക്കാൾ കേരളത്തിനു പ്രിയപ്പെട്ട കലാരൂപങ്ങളുടെ മഹത്വം ഉൾക്കൊണ്ട് അവ പ്രോത്സാഹിപ്പിക്കുന്നതിനും ദേശാന്തര കീർത്തി ആർജ്ജിക്കുന്നതിനും ജീവിതംസമർപ്പിക്കുകയായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. ആ നിലയ്‌ക്കു തന്നെ കേരളം രാമയ്യരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാജേഷ് പറഞ്ഞു. മാർഗി മുൻ പ്രിൻസിപ്പൽ മാർഗി വിജയകുമാർ പങ്കെടുത്തു. ചടങ്ങിൽ വി.എസ്.രാജേഷിനെ ജോർജ് ഓണക്കൂർ പൊന്നായണിയിച്ച് ആദരിച്ചു.തുടർന്ന് മാർഗി സജീവ് നാരായണ ചാക്യാർ കിരാതം ചാക്യാർകൂത്ത് അവതരിപ്പിച്ചു.