
തിരുവനന്തപുരം: ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം തടഞ്ഞുള്ള ഹൈക്കോടതി വിധി സംസ്ഥാനത്തെ മൊത്തം വാർഡ് പുനർവിഭജന നടപടികളെ ബാധിക്കില്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണറും ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനുമായ എ.ഷാജഹാൻ വ്യക്തമാക്കി. അതേസമയം പുനർവിഭജനം നടത്തുന്നതിന് കോടതി വിലക്കിയ പാനൂർ, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്ഠപുരം, മട്ടന്നൂർ, ഫറോക്, പട്ടാമ്പി നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡ് പുനർവിഭജനം ഇനി നടത്താനാവില്ല. 2011ലെ സെൻസസ് കൂടി കണക്കിലെടുത്ത് 2015ൽ വാർഡുകൾ നിർണയിക്കപ്പെട്ട ഏതാനും തദ്ദേശസ്ഥാപനങ്ങളിലും ഇത് ബാധകമായേക്കും.
ഇക്കാര്യത്തിൽ ഡീലിമിറ്റേഷൻ കമ്മിഷൻ കൂടുതൽ നടപടികൾക്ക് പോകേണ്ടതില്ലെന്നാണ് നിലപാട്. ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുന്നതടക്കമുള്ള തുടർ നടപടികളെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അക്കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ഡീലിമിറ്റേഷൻ കമ്മിഷന്റെ പ്രതീക്ഷ.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് ഡീലിമിറ്റേഷൻ കമ്മിഷൻ പ്രവർത്തിക്കുന്നത്. അക്കാര്യത്തിൽ നിലവിൽ തടസ്സങ്ങളൊന്നുമില്ല.
2011ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 2015ൽ വാർഡ് വിഭജനം നടന്നിടത്ത് വീണ്ടും പുനർവിഭജനം നടത്തുന്നതിന് എതിരെ പാനൂർ, മുക്കം, കൊടുവള്ളി, പയ്യോളി,ശ്രീകണ്ഠപുരം,മട്ടന്നൂർ, ഫറോക്, പട്ടാമ്പി നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.