question-paper-leak

ചോദ്യപേപ്പർ തയ്യാറാക്കിയ സംഘത്തിലെ അദ്ധ്യാപകർ സംശയനിഴലിൽ.

തിരുവനന്തപുരം : അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അദ്ധ്യാപകർക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അദ്ധ്യാപരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുന്നു.

സമഗ്ര ശിക്ഷാ കേരളത്തിലാണ് ചോദ്യപേപ്പർ തയ്യാറാക്കൽ നടക്കുന്നത്. ഇവിടെ ചോദ്യപേപ്പർ തയ്യാറാക്കൽ സംഘത്തിലുണ്ടായിരുന്ന അദ്ധ്യാപകരെല്ലാം സംശയനിഴലാണ്.

പൊതുപരീക്ഷയല്ലാത്തതിനാൽ ലാഘവത്തോടെ കണ്ട അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ ഏജൻസികളെ സഹായിക്കനായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചില്ലെന്നും ആരോപണമുണ്ട്. ഇക്കൊല്ലത്തെ ഓണപ്പരീക്ഷയുടെ എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ഇതേ യൂട്യൂബ് ചാനലിലൂടെ ചോർന്നിരുന്നു. അന്ന് യൂട്യൂബ് ഉടമയുടെ മൊഴിയെടുത്തിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതാണ് സംഭവം ആവർത്തിക്കാൻ കാരണമെന്നും വിലയിരുത്തുന്നു.

. സി.ആപ്റ്റിലാണ് ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ഇവിടത്തെ സുരക്ഷയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. പ്രിന്റിംഗ് ഘട്ടത്തിൽ പാളിച്ചകളുണ്ടായെന്ന സംശയമാണ് അദ്ധ്യാപകർ ഉന്നയിക്കുന്നത്. സ്വകാര്യ പ്രസുകളിലേക്ക് ചോദ്യപേപ്പർ എത്തിയിരുന്നോയെന്നും ചോദ്യപേപ്പർ ആരെങ്കിലും സ്വകാര്യ ഇ മെയിലുകളിലേക്ക് മാറ്റിയോയെന്നുമുള്ള സാങ്കേതിക പരിശോധനയും നടക്കും.

ചോരാനുള്ള

സാദ്ധ്യതകൾ

1)ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകർ യൂട്യൂബ് ചാനലിന് ചോർത്തി നൽകിയതാവാം. സെറ്റ് ചോദ്യം തയ്യാറാക്കി അതിലൊരെണ്ണം പ്രിന്റിംഗിനയയ്ക്കും. ഡയറ്റ് വഴിയാണ് വിതരണം.

2)ചോദ്യപേപ്പർ അച്ചടിച്ച സിആപ്റ്റിൽ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്. അതിനാൽ ചോരാൻ സാദ്ധ്യത കുറവാണ്.

3)ഒരാഴ്ച മുൻപ് സ്‌കൂളുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകൾ, കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽ തലേന്നു തന്നെ പൊട്ടിച്ച് ഹാളുകളിലേക്കുള്ള കെട്ടുകളാക്കും. ഇതിൽ നിന്ന് ഫോട്ടോയെടുത്ത് ചോർത്തിയതാവാനും സാദ്ധ്യതയേറെ.