ചെന്നൈ: തിരുവനന്തപുരത്തെ ആശുപത്രികളിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവം വിവാദമായതോടെ,​ അതിർത്തിയിൽ വാഹന പരിശോധന കർശമാക്കി തമിഴ്നാട്. ചരക്കു വാഹനങ്ങളാണ് പരിശോധിക്കുന്നത്.

അതേസമയം,​ മാലിന്യങ്ങൾ കേരളം മൂന്ന് ദിവസത്തിനുള്ളിൽ നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യം തള്ളുന്നത് ആവർത്തിക്കുകയാണെന്നും ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള ചെലവ് കേരള മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണം. സംഭവത്തിൽ ആർ.സി.സിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കണം.

ഇത്തരം സംഭവങ്ങൾ തുടർച്ചയാവുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രൈബ്യൂണൽ, മാലിന്യ സംസ്‌കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിന് പ്രവർത്തനാനുമതി നൽകുന്നെന്നും ചോദിച്ചു.

ആർ.സി.സിക്ക് പങ്കില്ലെന്ന്

തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ ആർ.സി.സിക്ക് പങ്കില്ലെന്ന് അധികൃതർ അറിയിച്ചു. മാലിന്യത്തിൽ ആർ.സി.സിയിലെ ചില പേപ്പറുകൾ കണ്ടെത്തിയത് ചർച്ചയായതിനു പിന്നാലെയാണ് വ്യക്തതവരുത്തൽ. മലിനീകരണ നിയന്ത്രണ ബോർഡിന്റേയും ശുചിത്വ മിഷന്റേയും അംഗീകാരമുള്ള സനേജ് ഇക്കോ സിസ്റ്റംസിനാണ് പൊതുമാലിന്യങ്ങൾ കൈമാറുന്നത്. പുനരുപയോഗിക്കാവുന്ന ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും ടെൻഡറിലൂടെ തിരഞ്ഞെടുത്തവരാണ് ശേഖരിക്കുന്നത്. ഭക്ഷണ മാലിന്യങ്ങൾ കൈമാറാൻ പ്രാദേശിക പന്നി ഫാമുമായി കരാറുണ്ട്. ബയോമെഡിക്കൽ മാലിന്യങ്ങൾ ഐ.എം.എയുടെ കീഴിലുള്ള ഇമേജ് എന്ന സംഘടന ശേഖരിച്ച് സംസ്‌കരിക്കുന്നു.