തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന്‌ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ തോട് ശുചീകരിക്കുന്നത്‌. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എൻജിൻ ഓയിൽ ഉൾപ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാൻ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള നടപടികളുമായി കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുകയാണ്. തൊള്ളായിരത്തോളം വീടുകളുള്ള രാജാജി നഗറിലെ ശുചീകരണ സംസ്‌കരണ പരിപാടികൾകൂടി പൂർത്തിയാകുന്നതോടെ ആമയിഴഞ്ചാൻ തോട്ടിൽ കൂടുതൽ മാറ്റമുണ്ടാകും. തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത്‌ പിടികൂടുന്നതിന്‌ നഗരസഭ എല്ലായിടത്തും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌. വെള്ളം പൂർണമായും വൃത്തിയായശേഷം പരിസരപ്രദേശങ്ങൾ മോടിപിടിപ്പിക്കുന്ന പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. മന്ത്രിക്കൊപ്പം മേയർ ആര്യാ രാജേന്ദ്രൻ,നഗരസഭ സെക്രട്ടറി ജഹാംഗീർ,ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവരുമുണ്ടായിരുന്നു.