വെള്ളറട: മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന വന്യജീവികൾ കർഷകരുടെ നാണ്യവിളകൾ പൂർണമായും നശിപ്പിക്കുകയാണ്. ഇവയുടെ ശല്യത്തിന് പരിഹാരം കാണുമെന്ന അധികൃതരുടെ ഉറപ്പ് വിഫലമായതോടെ കുടിയേറ്റ കർഷകർ വസ്തുക്കൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് സ്ഥലം വിടുകയാണ്. നാണ്യവിളകളൊന്നും തന്നെ കൃഷിചെയ്ത് കുടംബം പുലർത്താനാവാത്ത അവസ്ഥയിലാണിപ്പോൾ കർഷകർ. ഇപ്പോൾ കാട്ടുപന്നിയും വാനരപ്പടയും വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ കർഷകരെ ആക്രമിക്കാനും തുടങ്ങിയിട്ടുണ്ട്. ഹെക്ടർ കണക്കിന് കൃഷി ഭൂമിയാണ് മലയോരത്ത് കൃഷിയിറക്കാൻ കഴിയാതെ തരിശായിട്ടിരിക്കുന്നത്. കപ്പയും വാഴയും നാളികേരവും പച്ചക്കറിയും മറ്റു പഴവർഗങ്ങളൊന്നും കൃഷി ചെയ്യാനുമാവില്ല.
കൃഷി ചെയ്യാനാവാതെ
കാട്ടുപന്നികൾ വാഴയും മരച്ചീനിയും വ്യാപകമായി നശിപ്പിക്കുമ്പോൾ വാനരൻമാർ പഴവർഗങ്ങളും പച്ചക്കറിയും നാളികേരവുമാണ് നശിപ്പിക്കുന്നത്. അത്യാവശ്യം കാപ്പിക്കൃഷി പോലും ചെയ്യാനാവുന്നില്ല. നാളികേരത്തിനിപ്പോൾ മലയോരത്തുള്ളവർ മറ്റുപ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങിലെ വെള്ളയ്ക്കയും വാനരന്മാർ നശിപ്പിക്കുകയാണ്. നിരവധി തവണ നിവേദനങ്ങളുമായി കർഷകർ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.
അവഗണിക്കരുത്
മാസങ്ങൾക്കു മുമ്പ് വാനരപ്പടയുടെ ശല്യത്താൽ വീട്ടമ്മ ആന്മഹത്യ ചെയ്തത് കർഷകർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ടാക്കിയിരുന്നു. തുടർന്ന് കത്തിപ്പാറയിലെയും അമ്പൂരിയിലെയും ചില പ്രദേശങ്ങളിൽ വനംവകുപ്പ് വാനരൻമാരെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കർഷകരെ രക്ഷിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ മലയോരത്ത് അവശേഷിക്കുന്ന കൃഷികൾ പോലും നശിക്കുന്ന സാഹചര്യമാണുള്ളത്.