
കിളിമാനൂർ: സംസ്ഥാനപാതകളിലെയും സംസ്ഥാന/ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന റോഡുകളിലെയും സീബ്രാലൈനുകൾ മങ്ങിയത് കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
സംസ്ഥാന പാതയിൽ വെമ്പായം മുതൽ ജില്ലാ അതിർത്തിയായ വാഴോട് വരെയും സംസ്ഥാന-ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആലംകോട്-കിളിമാനൂർ രാജാ രവിവർമ്മ റോഡ്,പുതിയകാവ്-പോങ്ങനാട് റോഡ് തുടങ്ങിയ റോഡുകളിലെയും സീബ്രാ ലൈനുകളാണ് ഭാഗികമായി മാഞ്ഞുപോയിരിക്കുന്നത്. സ്‌കൂളുകൾക്ക് മുന്നിലെ റോഡുകളിലും സമാന സ്ഥിതിയാണ്. ചീറിപ്പാഞ്ഞ് പോകുന്ന വാഹനങ്ങൾക്കിടയിലൂടെ സാഹസികമായാണ് വിദ്യാർത്ഥികളും വൃദ്ധരും സ്ത്രീകളും റോഡ് മുറിച്ചുകടക്കുന്നത്.
ദൂരെ നിന്ന് വരുന്ന വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മനസിലാവാത്ത വിധം ചിലയിടങ്ങളിൽ ലൈനുകൾ മാഞ്ഞുപോയിട്ടുണ്ട്. സീബ്രാലൈൻ ഉണ്ടായിരുന്നപ്പോൾത്തന്നെ വാഹനങ്ങൾ നിറുത്തുന്നത് കുറവായിരുന്നു. ഇപ്പോൾ റോഡ് മുറിച്ചു കടക്കാൻ അതിലും പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. സീബ്രാലൈനുകളും റോഡിലെ സിഗ്നലുകളും കൃത്യമായി മാർക്ക് ചെയ്യാൻ അധികൃതർ ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
നോക്കുകുത്തിയായി സുരക്ഷാ ഇടനാഴിയും
എം.സി റോഡിൽ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി നിർമ്മിച്ച നടപ്പാതയും നോക്കുകുത്തിയാകുന്നു. നടപ്പാതയിൽ പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയോരക്കച്ചവടം നടത്തുന്നതുമാണ് പ്രശ്‌നം. ഇതോടെ ആളുകൾ റോഡുകളിലേക്ക് ഇറങ്ങി നടക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.