f

തിരുവനന്തപുരം: സാന്റയുടെ ശബ്ദത്തിൽ പ്രിയപ്പെട്ടവർക്ക് സന്ദേശമറിയിക്കാൻ സഹായിക്കുന്ന നിർമ്മിതബുദ്ധി (എ.ഐ) ആപ്ലിക്കേഷനുമായി ന്യൂജെൻ സംരംഭകർ. ഒരാഴ്ചകൊണ്ട് വികസിപ്പിച്ച ആപ്ലിക്കേഷനിലൂടെ സാന്റയോട് കുശലങ്ങൾ ചോദിക്കാം. സാന്റ തിരിച്ചും ചോദിക്കും.

റിച്ചി ഇന്നൊവേഷൻസ് സി.ഇ.ഒ റിച്ചിൻ ആർ.ചന്ദ്രൻ, സിദ്ദാർത്ഥ്.എൻ, ഇൻവെന്റി ഇന്റർനാഷണൽ സി.ഇ.ഒ മുഹമ്മദ് ഷനൂബ്, വെബ് ഡിസൈനർ വിഘ്നേഷ്.എസ്.എൻ എന്നിവരാണ് ആപ്പിനു പിന്നിൽ പ്രവർത്തിച്ചത്. മന്ത്രി പി.രാജീവ്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക അടക്കമുള്ളവർ എ.ഐ സാന്റയെ അഭിനന്ദിച്ചു.

www.santacallingai.com എന്ന സൈറ്റിലൂടെ ആപ്പിലേക്ക് പ്രവേശിക്കാം. പേരും മെയിൽഐ.ഡിയും നൽകി പ്രൊഫൈൽ സൃഷ്ടിക്കണം. സന്ദേശം അയക്കേണ്ട ആളിന്റെ നമ്പറും പേരും നൽകണം. ഇവരോടൊപ്പമുള്ള ഓർമ്മകൾ, സ്വഭാവസവിശേഷതകൾ, ജോലി എന്നിവയും നൽകാം. കുട്ടികൾക്കും ബന്ധുക്കൾക്കും സന്ദേശമയക്കാൻ നൈസ് സാന്റയെന്നും സുഹൃത്തുക്കളെ കളിയാക്കാൻ നോട്ടി സാന്റയെന്നും സംവിധാനമുണ്ട്. വിളിക്കേണ്ട സമയം, ദൈർഘ്യം എന്നിവ ആപ്പിൽ നൽകണം. ആ സമയത്ത് സാന്റയുടെ ശബ്ദത്തിൽ കാളെത്തും. 'ഹായ് സാന്റാ സ്പീക്കിംഗ്" എന്ന ആമുഖത്തോടെയാണ് വിളിക്കുന്നത്. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലും ആപ്പ് ശ്രദ്ധനേടുന്നുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പ്രധാനമായും സംസാരിക്കുന്നത്. മലയാളത്തിൽ സംസാരിക്കുമെങ്കിലും കൃത്യത കുറവാണ്.