photo

പാലോട്: ചെങ്കോട്ട-തിരുവനന്തപുരം ഹൈവേയിൽ പാലോട് മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗ്യാരേജും കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയിൽ നശിക്കുന്നു. കോടികൾ വിലവരുന്ന ഭൂമിയാണ് അധികൃതർ കൈയൊഴിഞ്ഞിരിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിന് കുശവൂർ ജംഗ്‌ഷനിൽ സൗകര്യമൊരുക്കിയതോടെ പഴയ ബസ് സ്റ്റാൻഡ് ഉപേക്ഷിക്കപ്പെട്ട നിലയിലായി. നന്ദിയോട് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും 2 കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്. വാമനപുരം നദിവക്ക് വെള്ളപ്പൊക്കത്തിൽ ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് സൈഡ് വാൾ നിർമ്മിച്ചത്. ഓഫീസ് കെട്ടിടത്തിന്റെ കതകും ജനലുമുൾപ്പെടെ തടിയുരുപ്പടികൾ മോഷ്ടിക്കപ്പെട്ടു. ജീർണാവസ്ഥയിലായ കെട്ടിടം എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയിലാണ്.

നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചു

അന്തരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് നന്ദിയോട് കെ.രവീന്ദ്രനാഥിന്റെ ഭരണകാലത്താണ് ബസ് സ്റ്റാൻഡിന് ഭൂമിയായത്. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകിയതും സൈഡ് വാൾ നിർമ്മിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡിപ്പോ മാറ്റുന്നതോടെ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെടുമെന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു. അതിനാൽ ഡിപ്പോയുടെ ഒരു ഭാഗം നിലനിറുത്തണമെന്നാവശ്യപ്പെട്ട് നന്ദിയോട് ഗ്രാമപഞ്ചായത്ത് കോടതിയിൽ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നു.ബസ് സ്റ്റാൻഡ് മാറ്റുന്നത് കോടതി തടയുമെന്ന ഘട്ടത്തിൽ ഓപ്പറേറ്റിംഗ്‌ സെന്റർ നിലനിറുത്തുമെന്ന് കെ.എസ്.ആർ.ടി.സിയുടെ അന്നത്തെ എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പായില്ല.

അനധികൃത പാർക്കിംഗ് കേന്ദ്രം

വള്ളിപ്പടർപ്പുകൾ കയറിയ ബസ് സ്റ്റാൻഡ് അനധികൃത വാഹന പാർക്കിംഗ് കേന്ദ്രമാണിപ്പോൾ. അന്തർസംസ്ഥാന ചരക്ക് ലോറികളുൾപ്പെടെ പാർക്ക് ചെയ്യുന്നതിവിടെയാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും രൂക്ഷമാണ്. തൊട്ടടുത്ത് പ്രവൃത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസിലും സമീപത്തെ വീടുകളിലുമുള്ളവർ ഭയപ്പാടോടെ കഴിയുന്ന സ്ഥിതിയാണ്.

പ്രതീക്ഷയേകുന്നു

കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് പാലോട്ടുകാർക്ക് പ്രതീക്ഷയേകുന്നത്. ഈ സ്ഥലം പരിശീലനത്തിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് തയ്യാറായാൽ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് നാട്ടുകാർ പറയുന്നു.

ബസ് സ്റ്റാൻഡ് സംരക്ഷണത്തിനായി ചെലവിട്ടത് 2 കോടി രൂപ