
തിരുവനന്തപുരം: ഫെമിനിച്ചി ഫാത്തിമയുടെ അവസാന ദിവസ ഷൂട്ടിംഗ് ആഗസ്റ്റ് 31ന് പൊന്നാനിയിലായിരുന്നു. അന്ന് ഷൂട്ടിംഗ് തീർത്താലെ ഉദ്ദേശിക്കുന്ന സമയത്ത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകൂ. നായിക കഴിഞ്ഞാൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സുഹ്റയെ അവതരിപ്പിക്കുന്ന വിജി വിശ്വനാഥ് ഉൾപ്പെടുന്ന സീനുകളാണ് ചിത്രീകരിക്കേണ്ടത്. രാവിലെ ഷൂട്ടിംഗ് തുടങ്ങിയതേയുള്ളൂ. കാറിൽ വിജിയുടെ ഭർത്താവ് വിശ്വനാഥ് പാഞ്ഞെത്തി. സംവിധായകൻ ഫാസിൽ മുഹമ്മദിനെ മാറ്രി നിറുത്തി പറഞ്ഞു: ''വിജിയുടെ സഹോദരൻ അഭിലാഷ് മരിച്ചു..."" കാര്യങ്ങളൊക്കെ അറിയാവുന്ന ഫാസിൽ പരുങ്ങലിലായി. പിന്നണി ഗായകൻ കൂടിയായ വിശ്വനാഥിന് കാര്യങ്ങൾ മനസിലായി.
വിശ്വനാഥിനോട് സംസാരിച്ച് തിരിച്ചെത്തിയ ഫാസിൽ വിജിയോട് പറഞ്ഞത് അടുത്ത സീനിനെ കുറിച്ചായിരുന്നു. സിനിമയിലെ പ്രധാന വഴിത്തിരിവാകുന്ന ഫാത്തിമയുമൊത്ത് കിടക്ക ചുമന്നുകൊണ്ടു പോകുന്ന സീനായിരുന്നു. പിന്നെ കടപ്പുറത്തെ സീനുകളും കൂടി ചിത്രീകരിച്ച ശേഷം ഫാസിൽ പാക്കപ്പ് പറയുമ്പോൾ,വിശ്വനാഥ് വിജിയോട് ജ്യേഷ്ഠസഹോദരന്റെ മരണവിവരം അറിയിച്ചതോടെ അലറിക്കരഞ്ഞവൾ ഭർത്താവിന്റെ നെഞ്ചിലേക്ക് വീണു.
ഷൂട്ടിംഗ് കഴിഞ്ഞാൽ നേരെ ആശുപത്രിയിലേക്ക്. അവിടെ നിന്നാണ് വിജി മിക്കവാറും ലൊക്കേഷനിലേക്കെത്തിയിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന അഭിലാഷ് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞത് അവസാനഘട്ടത്തിലായിരുന്നു. അന്ന് വിജി ചേച്ചിയോട് കാര്യം പറഞ്ഞാൽ ഷൂട്ടിംഗ് നടക്കില്ല. ഫെമിനിച്ചി ഫാത്തിമ ഈ ചലച്ചിത്രമേളയിലെത്തില്ല- ഫാസിൽ പറഞ്ഞു. ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് ഫെമിനിച്ചി ഫാത്തിമ നേടിയത്.
എടപ്പാൾ പൊറൂക്കര സ്വദേശിയാണ് വിജി. ഭർത്താവ് വിശ്വനാഥ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ മായാദേവകിക്ക് മകൻ പിറന്നേ... ഉൾപ്പെടെയുള്ള ഗാനങ്ങൾ പാടിയിട്ടുണ്ട്. മക്കൾ: പവൻ,പാർത്ഥിപൻ.