
വിഴിഞ്ഞം: രക്തസാക്ഷികളുടെ സ്‌മരണകൾ അലയടിച്ചുയർന്ന സായാഹ്നത്തിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്നലെ വൈകിട്ട് വിഴിഞ്ഞത്ത് കൊടിയേറി.
ഇന്നലെ രാവിലെ ആനത്തലവട്ടം ആനന്ദന്റെ സ്‌മൃതിമണ്ഡപത്തിൽ നിന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ലൈലയിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി ഏറ്റുവാങ്ങിയ പതാകയുമായി ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥയും തിരുവല്ലം ശിവരാജന്റെ സ്‌മൃതിമണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സി.വിക്രമൻ ഉദ്ഘാടനം ചെയ്‌ത് ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.പുഷ്‌പലത നേതൃത്വം നൽകിയ കൊടിമര ജാഥയും വിവിധ രക്തസാക്ഷി സ്‌മാരകങ്ങളിൽ നിന്നും നേതാക്കളുടെ സ്‌മൃതിമണ്ഡപങ്ങളിൽ നിന്നും ഏരിയാ സെക്രട്ടറിമാരുടെ നേതൃത്വത്തിലുമെത്തിയ 17 ദീപശിഖകളും സമ്മേളന നഗരിയിൽ സംഗമിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
മന്ത്രി വി.ശിവൻകുട്ടി പതാകയും പാളയം ഏരിയാ കമ്മിറ്റിയിൽ നിന്നുമെത്തിച്ച ദീപശിഖ ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും മറ്റ് ഏരിയകളിൽ നിന്നുമെത്തിയ ദീപശിഖകൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏറ്റുവാങ്ങി. തുടർന്ന് പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) സംഘാടകസമിതി ചെയർപേഴ്സൺ ടി.എൻ.സീമ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സി.ജയൻബാബു,എം.വിജയകുമാർ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,കെ.എസ്.സുനിൽകുമാർ, കെ.സി.വിക്രമൻ,വി.കെ.പ്രശാന്ത് എം.എൽ.എ,ഐ.ബി.സതീഷ് എം.എൽ.എ,പി.എസ്.ഹരികുമാർ,എൻ.രതീന്ദ്രൻ,കരുംകുളം അജിത്,ബി.പി.മുരളി,പുഷ്പലത തുടങ്ങിയവർ പങ്കെടുത്തു.
രാത്രി 7.30ന് സാംസ്കാരികോത്സവ നഗറായ വെള്ളാർ സമുദ്ര പാർക്കിൽ പാട്ടരങ്ങ് നടന്നു. ഇന്ന് രാവിലെ 9ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി.വി രാജ കൺവെൻഷൻ സെന്റർ) നടക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,സജി ചെറിയാൻ,നേതാക്കളായ ഡോ.ടി.എം.തോമസ് ഐസക്,കെ.കെ.ശൈലജ,എ.കെ.ബാലൻ,കെ.രാധാകൃഷ്ണൻ,സി.എസ്.സുജാത, കെ.കെ.ജയചന്ദ്രൻ,ആനാവൂർ നാഗപ്പൻ,പുത്തലത്ത് ദിനേശൻ എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനത്തിനുശേഷം ജില്ലാ സെക്രട്ടറി വി.ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ച ആരംഭിക്കും. വൈകിട്ട് 5.30ന് വെള്ളാർ സമുദ്ര പാർക്കിൽ നവോത്ഥാനത്തിന്റെ തുടർച്ച എന്ന വിഷയത്തിൽ സെമിനാർ,7.30ന് ചെമ്പൊലിക. നാളെ രാവിലെ ചർച്ച തുടരും. വൈകിട്ട് 5.30ന് കഥയരങ്ങ്,6ന് കവിയരങ്ങ്,രാത്രി 8ന് നൃത്തസന്ധ്യ.
22ന് രാവിലെ പ്രതിനിധി സമ്മേളനം തുടരും. 19 ഏരിയകളിൽ നിന്നുള്ള 439 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 4ന് ആഴാകുളത്തുനിന്നുള്ള റെഡ് വോളന്റിയർ മാർച്ചിനും ബഹുജനറാലിക്കും ശേഷം സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാന നൃത്ത വിസ്മയരാവ് 'മ' ഷോ. ഫെബ്രുവരിയിൽ കൊല്ലത്തുവച്ചാണ് സംസ്ഥാന സമ്മേളനം.