വിതുര: പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ തൊളിക്കോട് ജംഗ്ഷൻ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നത് പതിവാകുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണത്താലാണ് ജംഗ്ഷൻ വെള്ളത്തിനടിയിലാകുന്നത്. പൊന്മുടി ചുള്ളിമാനൂർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അടുത്തിടെ ജംഗ്ഷനിൽ നടത്തിയ പ്രവർത്തനങ്ങളാണ് വിനയായത്. മഴയായാൽ ജംഗ്ഷനിലെ കടകളിലേക്ക് വെള്ളം ഇരച്ചു കയറി നിരവധി സാധനങ്ങൾ നശിക്കുന്നു. ഇതുമൂലം

വ്യാപാരികൾക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുന്നു. ഗതാഗത തടസവും ഇവിടെ പതിവാണ്. ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

നിർമ്മാണം അവതാളത്തിൽ

ജംഗ്ഷനിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മാത്രമല്ല ചുള്ളിമാനൂർ പൊന്മുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കാലാവധി കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ല. മന്ത്രി വരെ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും നിർമ്മാണം കടലാസിൽ തന്നെ. റോഡിന്റെ അപാകതമൂലം അനവധി അപകടങ്ങളാണ് തൊളിക്കോട് മേഖലയിലുണ്ടായത്. ഒരാൾ മരണപ്പെടുകയും ചെയ്തു.തൊളിക്കോട് മുസ്ലിംപള്ളി ജംഗ്ഷൻ മുതൽ തൊളിക്കോട് ഹൈസ്കൂൾ ജംഗ്ഷൻ വരെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. അപകടങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫ്രാറ്റ് വിതുര മേഖല കമ്മിറ്റി.

സമരം നടത്തി

വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും റോഡ് നിർമ്മാണപ്രവർത്തനങ്ങൾ പുനഃരാരംഭിക്കണമെന്നുമാവശ്യപ്പെട്ട് വ്യാപാരിവ്യവസായി സമിതി തൊളിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ തൊളിക്കോട് ജംഗ്ഷനിൽ പ്രതിഷേധസമരം നടത്തി.ജില്ലാസെക്രട്ടറി ആദർശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാ കമ്മിറ്റിയംഗം ഷംനാനവാസ് അദ്ധ്യക്ഷത വഹിച്ചു.