anakunnamvazhiyambalamm

മടവൂർ: ആനകുന്നത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള വഴിയമ്പലം പൊളിച്ചുമാറ്റൽ ഭീഷണിയിൽ.വാഹനസൗകര്യമില്ലാതിരുന്ന കാലത്ത് ചരക്കുനീക്കം നടത്തിയിരുന്നത് തലച്ചുമടായിരുന്നു.അത്തരം യാത്രക്കാർക്ക് വിശ്രമിക്കാൻ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് വഴിയോരങ്ങളിൽ നിർമ്മിച്ച വഴിയമ്പലങ്ങളിൽ ഒന്നാണ് ആനകുന്നം വഴിയമ്പലം.

പള്ളിക്കൽ മടവൂർ റോഡിൽ ആനകുന്നത്തുള്ള ഓലമേഞ്ഞ വഴിയമ്പലം പണ്ട് ഒടുപാകിയതായിരുന്നു.എന്നാൽ വഴിയമ്പലത്തോടൊപ്പമുണ്ടായിരുന്ന ചുമടുതാങ്ങിയും വഴിക്കിണറും റോഡ് വികസനത്തോടെ മൺമറഞ്ഞു. നാഷണൽ ഹൈവേ അതോറിട്ടിയുടെ കീഴിൽ പണിയാരംഭിക്കുന്ന കൊല്ലം ഗ്രീൻഫീൽഡ് ബൈപാസ് ഹൈവേ ശേഷിക്കുന്ന ആനകുന്നത്തെ വഴിയമ്പലംകൂടി തകർക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

വഴിയമ്പലം സംരക്ഷിക്കണമെന്നാവശ്യവുമായി എൻ.എച്ച് അതോറിട്ടിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ.