elephant

ക്ഷേത്രോത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയ അപ്രായോഗികമായ നിയന്ത്രണങ്ങൾ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി തികച്ചും അഭിനന്ദനാർഹമാണ്. ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ തൃശൂർ പൂരം ഉൾപ്പെടെയുള്ള ക്ഷേത്രോത്സവങ്ങൾ ആനയില്ലാതെ നടത്തേണ്ട അവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്. ഇനി അഥവാ ആനകളെ പങ്കെടുപ്പിച്ച് ഉത്സവം നടത്തിയാൽപ്പോലും ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിച്ചില്ലെന്നു കാണിച്ച് ഉത്സവ കമ്മിറ്റിക്കാർക്കെതിരെ പൊലീസ് കേസെടുക്കുമായിരുന്നു. രാവിലെ ഒൻപത് മണിക്കുശേഷം ആനയെ എഴുന്നള്ളിക്കരുത് എന്ന നിയന്ത്രണം ഒരുമാതിരിപ്പെട്ട ഒരു ക്ഷേത്രത്തിലും പാലിക്കാൻ പറ്റുന്നതായിരുന്നില്ല. ഭഗവാന്റെ തിടമ്പ് ആനപ്പുറത്തേറ്റി എഴുന്നള്ളത്ത് നടത്തുമ്പോൾ അത് ഇത്ര മണിക്ക് അവസാനിക്കണമെന്നു ശഠിക്കുന്നത് ക്ഷേത്രാചാരങ്ങളോടു കാണിക്കുന്ന മര്യാദകേടാണ്.

ഗുരുവായൂരിലെ ഉദയാസ്തമയ പൂജ മാറ്റിയ നടപടിയിൽ ക്ഷേത്രാചാരങ്ങളുടെ കാര്യത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നു പറഞ്ഞ് ഹൈക്കോടതി ഹർജി തള്ളുകയാണ് ചെയ്തത്. എന്നാൽ ഇതേ ഹർജി സുപ്രീംകോടതിയിൽ എത്തിയപ്പോൾ,​ വർഷങ്ങളായി തുടർന്നുവരുന്ന സമ്പ്രദായം മാറ്റാൻ പാടില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പക്ഷേ അപ്പോഴേക്കും ഉദയാസ്തമയ പൂജ കൂടാതെ ഏകാദശി കഴിഞ്ഞുപോയിരുന്നു. എന്നാൽ,​ ഇനി മുതൽ അതു പാടില്ലെന്നും പാരമ്പര്യമായി തുടർന്നുവരുന്ന രീതികളും പൂജകളും അതേപടി നടക്കുമെന്ന് ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ തീരുമാനം ഇടയാക്കി. ഇത് ഭക്തജനങ്ങൾക്ക് വലിയ ആശ്വാസം പകർന്ന തീരുമാനമാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആനകളുടെ വിഷയം വന്നപ്പോൾ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും തടസപ്പെടുന്ന രീതിയിലുള്ള ഇടപെടലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ക്ഷേത്രങ്ങളുടെ കാര്യത്തിൽ നിയമത്തിനപ്പുറം കീഴ്‌‌വഴക്കങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചതോടെ 2012-ലെ നാട്ടാന പരിപാലന ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് തുടർന്നും ഉത്സവം നടത്താം. പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്ന അതോറിട്ടിയാകാൻ ഹൈക്കോടതിക്കു കഴിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് തുടർന്നും ഇതുപോലുള്ള വിഷയങ്ങൾ വരുമ്പോൾ ഹൈക്കോടതിക്ക് മാർഗനിർദ്ദേശകമായി മാറാൻ ഇടയാക്കുമെന്ന് കരുതാം. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം, രാവിലെ ഒമ്പതിനു ശേഷം എഴുന്നള്ളിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവായിട്ടുണ്ട്.

മൂന്നു മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് നിർദ്ദേശിക്കാൻ കഴിയുമോ എന്ന ചോദ്യവും സുപ്രീംകോടതി ചോദിച്ചിട്ടുണ്ട്. ഉത്സവത്തിന് ആനകളെ നൽകുന്നത് ലക്ഷക്കണക്കിനു രൂപയുടെ ഒരു ബിസിനസ് കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആന ഉടമകളും ആനകളെ പരിപാലിക്കുന്ന പാപ്പാൻമാരും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കോടികളാണ് ഇന്ന് ആനകളുടെ മൂല്യം. അതിനെ പരിപാലിക്കുന്നതിനും അതുപോലെ ചെലവുണ്ട്. ഇതിനൊക്കെയുള്ള വരുമാന സ്രോതസിൽ പ്രധാനപ്പെട്ട ഒന്നാണ് ഉത്സവങ്ങൾക്കും മറ്റും ആനയെ വിട്ടുനൽകുന്നത്. ഇതൊക്കെ ഒറ്റയടിക്ക് ഇല്ലാതായാൽ ഭാവിയിൽ ആനയെ വാങ്ങാനും വളർത്താനും ആരും തയ്യാറാകില്ല. ഇത്തരം പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുക്കാതെ അപ്രായോഗിക വിധികൾ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉണ്ടാകാതിരിക്കുന്നതാണ് സമൂഹത്തിന്റെ സമാധാനപരമായ നിലനിൽപ്പിന് നല്ലത്. ഈ സന്ദേശമാണ്,​ നിലവിലെ രീതിയിൽ ആന എഴുന്നള്ളിപ്പ് നടത്താം എന്ന വിധിയിലൂടെ സുപ്രീംകോടതി നൽകിയിരിക്കുന്നത്.