p

തിരുവനന്തപുരം: കഴിഞ്ഞ വർഷം 1,000 യുവ പ്രൊഫഷണലുകൾക്ക് വിദേശതൊഴിൽ സ്വപ്‌നം സാദ്ധ്യമാക്കാനും മടങ്ങിയെത്തിയ പ്രവാസികൾക്ക് 10,000 ത്തോളം സംരംഭങ്ങൾ തുടങ്ങാനും സൗകര്യമൊരുക്കിയതായി നോർക്ക റൂട്ട്സ് ബോർഡ് യോഗത്തിൽ വിലയിരുത്തി.

യു.കെ (ഇംഗ്ലണ്ട്, വെയിൽസ്), കാനഡ (ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ), ജർമ്മനി (ട്രിപ്പിൾ വിൻ, ട്രിപ്പിൾ വിൻ ട്രെയിനി പദ്ധതികൾ), കുവൈറ്റ്, സൗദി ആരോഗ്യമന്ത്രാലയം എന്നിവിടങ്ങളിലേക്കായിരുന്നു നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് നടത്തിയത്.വെയിൽസിലേക്ക് 250 പേരുടെ റിക്രൂട്ട്‌മെന്റ് ഉടൻ നടത്തും.ജർമ്മനിയിലെ നഴ്സിംഗ് ഹോമുകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റടക്കം നോർക്ക സംഘടിപ്പിച്ചിരുന്നു.

2207 നഴ്സിംഗ് വിദ്യാർത്ഥികൾക്കായി പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമും നടത്തി. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ 1000 ത്തോളം വിദ്യാർത്ഥികൾക്ക് വിദേശഭാഷാപഠനം (ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്,ജർമൻ ) സാദ്ധ്യമാക്കി.

കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയനിലുൾപ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്‌സും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും യോജിച്ച് പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്.

മടങ്ങിയെത്തിയ പ്രവാസികൾക്കായി 10,000 ത്തോളം സംരംഭങ്ങൾ തുടങ്ങാനും നോർക്ക സൗകര്യമൊരുക്കി.എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി -1385, പ്രവാസിഭദ്രത വഴി -1376 എന്നിവ ഉൾപ്പെടെയാണിത്.