വെഞ്ഞാറമൂട്: ക്രിസ്മസിന് പുത്തൻ ഫാഷനുമായി വസ്ത്ര വിപണി.കേക്ക്,ക്രിസ്മസ് ട്രീ,നക്ഷത്രം എന്നിവ പോലെ തന്നെ ക്രിസ്മസ് സീസണിൽ ഉണരുന്ന ഒന്നാണ് ക്രിസ്മസ് വിപണി.
ചുവപ്പും വെളുപ്പും നിറമുള്ള കുർത്ത,ചുരിദാർ,ഫ്രോക്കുകൾക്ക് പുറമെ സാരിയിലും ടീ ഷർട്ടിലും,ഷർട്ടിലും പുതുപരീക്ഷണങ്ങൾ നടത്തി വസ്ത്രവിപണി സജീവമായിരിക്കുകയാണ്.
250 രൂപ മുതലാണ് തുടക്കം.ചുവപ്പിൽ തന്നെ ഡീപ് റെഡ്,വൈൻ റെഡ് ചോദിച്ചെത്തുന്നവരും കൂടുതലാണ്.ഇതിന് പുറമെ ചുവപ്പിൽ വെള്ളപ്പുള്ളിയുള്ള ഷർട്ടുകളാണ് താരം.ഒപ്പം ഫുൾ,ഹാഫ് സ്ലീവ് പ്രിന്റഡ് ഷർട്ടുകളും ബാഗി, പാരച്യൂട്ട് പാന്റുകളും എത്തിയിട്ടുണ്ട്. കൂടാതെ ബൂട്ട്കട്ട് ജീൻസുകളും ക്രോപ്പ് ടോപ്പ്, ക്രോപ്പ് ഷർട്ട് എന്നിവയുമുണ്ട്.
പ്രിന്റഡ് വസ്ത്രങ്ങൾ
വസ്ത്രങ്ങളിൽ സാന്റാക്ലോസ്, ക്രിസ്മസുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉൾപ്പെടുത്തിയാണ് പ്രിന്റുകൾ.സാന്റാക്ലോസിന്റെ രൂപങ്ങൾ പ്രിന്റ് ചെയ്ത വസ്ത്രങ്ങൾക്കാണ് ആവശ്യക്കാരേറെ.
കുട്ടികൾക്കുമുണ്ട്
ക്രിസ്മസ് അപ്പൂപ്പന്റെ ഓർമ്മയിൽ കുട്ടികൾക്കായി ചുവപ്പും വെളുപ്പും വസ്ത്രങ്ങൾ വെൽവെറ്റിലാണ് ചെയ്തിട്ടുള്ളത്. കുട്ടികൾക്ക് വെൽവെറ്റ് ഉടുപ്പുകളോട് പ്രത്യേക താല്പര്യമുണ്ട്. സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും ക്രിസ്മസ് ആഘോഷം ആരംഭിച്ചതോടെ നിരത്തിൽ ആകെ ചുവപ്പ് മയം തന്നെ.