തിരുവനന്തപുരം: ആറ്റിങ്ങൽ കലാഭവൻമണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്രിയുടെ ദൃശ്യ മാദ്ധ്യമ പുരസ്കാരം നിറവ് 2025ൽ കൗമുദി ടി.വി ഏഴ് അവാർഡുകൾ. മികച്ച ജനപ്രിയ സാമൂഹിക പ്രതിബദ്ധത പരിപാടിക്ക് 'സ്നേക്ക്മാസ്റ്രർ' അർഹമായി. കിഷോർ കരമനയാണ് പ്രോഗ്രാംപ്രൊഡ്യൂസർ. മികച്ച അവതാരകനുള്ള അവാർഡ് സ്നേക്ക്മാസ്റ്റർ അവതരിപ്പിക്കുന്ന വാവസുരേഷിനാണ്. മികച്ച കോമഡി സീരിയൽ സംവിധായകൻ-രാജേഷ് തലച്ചിറ (അളിയൻസ്),മികച്ച ന്യൂസ് സ്റ്റോറി കുഞ്ചുമുരളി (കൊയ്ത്തുത്സവം),മികച്ച സീരിയൽ ക്യാമറാമാൻ-സജയകുമാർ (ലേഡീസ്റൂം),എഡിറ്റർ-നന്ദു (സ്നേക്ക്മാസ്റ്രർ),പ്രതിനായിക-ജാനകി സുധീർ (വസുധ) എന്നിവർക്കാണ് മറ്ര് അവാർഡുകൾ.
കലാഭവൻ മണിയുടെ 54-ാം ജന്മദിനത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് വൈകിട്ട് നാലിന് ആറ്രിങ്ങൽ പൂജാ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി അവാർഡുകൾ വിതരണം ചെയ്യും.
രാവിലെ ഒമ്പതിന് ഏലാപ്പുറം ശ്രീകൃഷ്ണ ശിവപാർവ്വതി ക്ഷേത്രത്തിൽ സമൂഹവിവാഹവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് പൂജാ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ നവവധൂവരന്മാർക്ക് അടൂർപ്രകാശ് എം.പി,എ.എൽ.എമാരായ വി.ശശി,ഒ.എസ്.അംബിക എന്നിവർ ഉപഹാരം സമർപ്പിക്കും. സമിതി ചെയർമാൻ അജിൽമണിമുത്ത്,ജൂറി ടെലിവിഷൻ മീഡിയ കോ.ഓർഡിനേറ്റർ ലെനിൻഅയിരൂപ്പാറ,ട്രഷറർ ഷൈൻ ആറ്റിങ്ങൽ,സംസ്ഥാന വനിതാ യൂണിറ്ര് പ്രസിഡന്റ് രജനി,സെക്രട്ടറി സുമ,ഒഫീഷ്യൽ ഡിസൈനർ ശ്യാം എന്നിവർ പങ്കെടുത്തു.