തിരുവനന്തപുരം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നയി ചേതന 3.0 ദേശീയ ജെൻഡർ ക്യാമ്പെയിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ലിംഗവിവേചനത്തിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ മാദ്ധ്യമ ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിൽ ജെൻഡർ ബോധവത്കരണ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്.എല്ലാവർക്കും തുല്യ പരിഗണന ലഭിക്കുന്ന സമൂഹം കെട്ടിപ്പടുക്കുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യമെന്ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ.ശ്രീജിത്ത് പറഞ്ഞു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡി.ഡയറക്ടർ ജനറൽ(റീജിയൺ) വി.പളനിച്ചാമി,സഖി എൻ.ജി.ഒ സെക്രട്ടറി സന്ധ്യ,കുടുംബശ്രീ പി.ആർ.ഒ മുഹമ്മദ് നാഫി,കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോ​ഗ്രാം മാനേജർ പ്രീത.ജി.നാ‌യർ എന്നിവർ പങ്കെടുത്തു. പാനൽ ചർച്ചക്ക് ശേഷം മാദ്ധ്യമപ്രവർത്തകർ പങ്കെടുത്ത തുറന്നചർച്ചയും നടന്നു. ക്യാമ്പെയിൻ 23 വരെ തുടരും.