parliement

രാഷ്ട്രീയ വൈരം എല്ലാ അതിരുകളും ഭേദിച്ച് അടിപിടിയിൽ വരെ എത്തിയ കാഴ്ചയാണ് വ്യാഴാഴ്ച പാർലമെന്റിന്റെ തിരുമുറ്റത്ത് കാണാൻ കഴിഞ്ഞത്. തെരുവിനെപ്പോലും നാണിപ്പിക്കും വിധം വന്ദ്യവയോധികർ മുതൽ യുവ എം.പിമാർ വരെ ഈ ഏറ്റുമുട്ടലിൽ ഭാഗഭാക്കുകളായി. ഏതാനും പേർ പരിക്കേറ്റ് ആശുപത്രിയിലുമായി. എന്തിനു വേണ്ടിയാണ് ഈ തമ്മിൽത്തല്ലും ഏറ്റുമുട്ടലും ഗോഗ്വാ വിളികളുമെന്ന് അന്വേഷിക്കുമ്പോഴാണ് വിഷയത്തിന്റെ പൊള്ളത്തരം ആശ്ചര്യപ്പെടുത്തുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നലെ സമാപിച്ചപ്പോൾ സ്വാഭാവികമായും ഒരു ചോദ്യമുയരും. എന്തിനു വേണ്ടിയായിരുന്നു ഈ സമ്മേളനം വിളിച്ചുകൂട്ടിയത്? അതിൽ എന്തെങ്കിലും നടന്നോ‌? ദിവസവും രാവിലെ സമ്മേളിക്കുക, ജനങ്ങളെ ഒരുവിധത്തിലും ബാധിക്കാത്ത ഏതെങ്കിലും വിഷയം കൊണ്ടുവന്ന് സമ്മേളന നടപടികൾ തടസപ്പെടുത്തുക. ബഹളം അസഹനീയ ഘട്ടമെത്തുമ്പോൾ സഭാദ്ധ്യക്ഷന്മാർ നടപടികൾ അവസാനിപ്പിച്ച് സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുക. ഇതല്ലേ ഈ സമ്മേളന കാലം മുഴുവൻ നടന്നത്?​

മുൻപും ഇതുപോലെ എത്രയോ സമ്മേളനങ്ങൾ പ്രക്ഷുബ്ധാന്തരീക്ഷത്തിൽ പൂർണമായും ഒലിച്ചുപോയ ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിപക്ഷ സമരമുറകളും സർക്കാർ പക്ഷം അതിനെ നേരിട്ട വിധവും പുതുമയുള്ളതൊന്നുമല്ല. ഒരു ദിവസത്തെ സമ്മേളനത്തിനായി പൊതു ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടിവരുന്ന കോടികളുടെ കണക്ക് ഇത്തരം സന്ദർഭങ്ങളിൽ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. ആർക്കെന്തു ചേതം! ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാ ശില്പി ബി.ആർ. അംബേദ്‌‌‌കറെ ബന്ധപ്പെടുത്തി നടത്തിയ ഒരു പരാമർശത്തിന്റെ പേരിലായിരുന്നു വ്യാഴാഴ്ചത്തെ കലാപം. ഇതുപോലൊരു പദവിയിലിരിക്കുന്ന ആൾ ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. കൈവിട്ട കല്ലും വാവിട്ട വാക്കും ഒരിക്കലും തിരിച്ചെടുക്കാനാവില്ലെന്നത് സത്യമാണ്.

പ്രതിപക്ഷം മൂർച്ചയേറിയ ആയുധമാക്കിക്കഴിഞ്ഞ അമിത് ഷായുടെ അംബേദ്‌കർ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് അദ്ദേഹത്തിന് അന്തരീക്ഷം തണുപ്പിക്കാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ലെന്നു മാത്രമല്ല, തന്റെ വാക്കുകളിൽ കടിച്ചുതൂങ്ങി നിൽക്കുകയും ചെയ്തു. സമീപകാലത്തൊന്നും കാണാത്ത വിധത്തിൽ പാർലമെന്റ് കവാടം യുദ്ധക്കളമാവുകയും ചെയ്തു. പല വിഷയങ്ങൾ എടുത്തിട്ടിട്ടും ശോഭിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് അമിത് ഷാ ഏറ്റവും ശക്തമായ ഒരു പിടിവള്ളിയാണ് എറിഞ്ഞുകൊടുത്തത്. അത് അവർ അതിസമർത്ഥമായിി ഉപയോഗപ്പെടുത്തുന്നതാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാജ്യം കണ്ടത്. രാജ്യത്ത് എന്തെല്ലാം ജനകീയ വിഷയങ്ങൾ കിടക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ... എന്നിങ്ങനെ പരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ. അടിയന്തരമായി പാസാക്കേണ്ട നിയമ നിർമ്മാണങ്ങൾ മറ്റൊരിടത്ത്.

ഈ പറഞ്ഞതിലേക്കൊന്നും ശ്രദ്ധ പതിപ്പിക്കാതെ രാഷ്ട്രീയ വിഷയങ്ങൾ മാത്രം ഉയർത്തി പാർലമെന്റിന്റെ വിലയേറിയ സമയം പാഴാക്കുന്ന പതിവു ശൈലി പിന്തുടരാനാണ് പ്രതിപക്ഷവും ഭരണപക്ഷവും താത്‌പര്യം കാട്ടിയത്. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിക്കു വിടാനായതു മാത്രമാണ് എടുത്തു പറയത്തക്ക നേട്ടം. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തിൽ ബിൽ പാസാക്കുക അത്ര ലളിതവുമല്ല. ഇനി വരുന്നത് ബഡ്‌ജറ്റ് സമ്മേളനമാണ്. ഇതുപോലുള്ള പ്രകടനങ്ങൾ അപ്പോഴും ആവർത്തിച്ചെന്നിരിക്കും. അധികാരം ലഭിക്കാത്തതിന്റെ ചൊരുക്ക് കോൺഗ്രസ് പാർട്ടിയെ ഇപ്പോഴും വേട്ടയാടുന്നുവെന്നു വേണം കരുതാൻ. ഇതുപോലുള്ള തട്ടുപൊളിപ്പൻ പരിപാടികളിലൂടെ അധികാരം പിടിക്കാമെന്ന ചിന്തയ്ക്ക് പ്രസക്തിയില്ലെന്ന് ഓർക്കണം.