p

തിരുവനന്തപുരം: ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വിൻസെന്റ് എം.എൽ.എ ഷെഡ്യൂൾ ഏറ്റുവാങ്ങി.

25 വേദികളുണ്ടാകും. ഇവയ്ക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് 101, ഹയർ സെക്കൻഡറിയിൽ 110, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി 249 മത്സരങ്ങൾ നടക്കും. 15,000ലധികം കലാതാരങ്ങൾ മാറ്റുരയ്ക്കും.

മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. അപ്പീലുകൾ വരുമ്പോൾ സമയക്രമത്തിൽ മാറ്റമുണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കും. തേർഡ് കോൾ ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കും.

നഗരത്തിലെ മുപ്പതോളം സ്‌കൂളുകളിൽ താമസ സൗകര്യമൊരുക്കും. ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത്. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാകും ഇക്കുറിയും ഭക്ഷണമൊരുക്കുക. സ്വർണക്കപ്പിന്റെ ഘോഷയാത്ര 31ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് ജനുവരി മൂന്നിന് രാവിലെ 10ന് ജില്ലാ അതിർത്തിയായ തട്ടത്തുമലയിലെത്തും. അവിടെ നിന്ന് സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിലെത്തും.

സംഘാടക സമിതി ഓഫീസ്

പ്രവർത്തനം ആരംഭിച്ചു

സെൻട്രൽ സ്‌റ്റേഡിയം, വിമൻസ് കോളേജ്, മണക്കാട് ഗവ.എച്ച്.എസ്.എസ് തുടങ്ങിയ വേദികളിലാണ് നൃത്തഇനങ്ങൾ അരങ്ങേറുക

ടാഗോർ തീയേറ്ററിൽ നാടകം. കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടു നാടകം. ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ. ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ

വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്.എം.വി സ്‌കൂളിൽ. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനിൽ പ്രവർത്തനം ആരംഭിച്ചു

അഞ്ച് ഗോത്ര

നൃത്ത രൂപങ്ങൾ

കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങൾകൂടി ഇക്കുറി മത്സര ഇനമാകും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ.