farming

തിരുവനന്തപുരം: കൂണിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് പദ്ധതിയൊരുക്കി കൃഷി വകുപ്പ് ഹോർട്ടികൾച്ചർ മിഷൻ. സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ ഒരുക്കാനാണ് പദ്ധതി. ഓരോ ജില്ലയിലും 5- 8 വരെയുള്ള കൂൺ ഗ്രാമങ്ങളാണ് ആരംഭിക്കുക. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ആഭിമുഖ്യത്തിൽ 30.25 കോടിയാണ് ചെലവ്.

ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂൺ ഗ്രാമം നടപ്പിലാക്കുക. അവിടെ ചെറുതും വലുതുമായ ഉത്പാദക യൂണിറ്റുകളും പ്രോസസിംഗ്,മൂല്യവർദ്ധന,മാർക്കറ്റിംഗ് വരെയുള്ളവയും ഉൾപ്പെടും. ഉത്പാദനോപാദികൾ കൂൺ വില്ലേജിനുള്ളിൽ ലഭ്യമാക്കും. കൂൺ വിപണനം ചെയ്യാൻ സംവിധാനം ഒരുക്കുകയും ചെയ്യും. ആകെ പദ്ധതി ചെലവായ 68.1 കോടിയിൽ 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ഇതിൽ 30.25 കോടി രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായമാണ്.

കൂൺ ഗ്രാമത്തിലെ ഘടകങ്ങൾ

ഘടകം.......................................................................................യൂണിറ്റ്

വലിയ കൂൺ ഉത്പാദക യൂണിറ്റ്.........................................2

ചെറുകിട കൂൺ ഉത്പാദക യൂണിറ്റ്..................................100

ചെറുകിട കൂൺ വിത്തുല്പാദക യൂണിറ്റ്............................1
കൂൺ കമ്പോസ്റ്റ് യൂണിറ്റ്...........................................................10
പായ്ക്ക് ഹൗസ്......................................................................................2
പ്രിസർവേഷൻ യൂണിറ്റ്...............................................................3

പോഷക ഗുണമേറിയത്

ആന്റി ഓക്സിഡന്റുകൾ,അമിനോ ആസിഡുകൾ,നാരുകൾ എന്നിവയാൽ സമൃദ്ധം. സെലിനിയം,ആൽഫാ,ബീറ്റാ ഗ്ലൂട്ടൻ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. കൊളസ്ട്രോളിനെ കുറയ്ക്കുന്ന ലെവോസ്റ്റാറ്റിൻ കൂണിലുണ്ട്. വൈറ്റമിൻ ബി,സി,കാത്സ്യം,പൊട്ടാസ്യം എന്നിവയും കൂണിലുണ്ട്.

സബ്‌സിഡിയും

ചെറുകിട,വൻകിട കൂൺ ഉത്പാദന യൂണിറ്റ്,വിത്തുത്പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനവും കമ്പോസ്റ്റ്,പായ്ക്ക് ഹൗസ്,കൂൺ സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്‌സിഡി.

ഗുണഭോക്താക്കൾക്ക് പരിശീലനം നൽകും. വിവരങ്ങൾക്ക് കൃഷി ഭവനുമായി ബന്ധപ്പെടണം. (സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഫോൺ നമ്പർ:0471 2330856,2330857 ).