swami-rithambharanandha

അന്നം, വസ്ത്രം, പാർപ്പിടം തുടങ്ങി മനുഷ്യന് ഈ ലോകത്ത് സുഖമായി ജീവിക്കുന്നതിന് വേണ്ടതെല്ലാം സമയാസമയങ്ങളിൽ മുടങ്ങാതെ ലഭിക്കുന്നതിനും സത്യജ്ഞാനാനന്ദത്തിൽ മുഴുകി ഇഹലോകവാസം കഷ്ടപ്പാടു കൂടാതെ കഴിയുന്നതിനും ഒടുവിൽ ദൈവത്തിന്റെ പരമ പദമാകുന്ന - ആഴമേറുന്ന - ഈശ്വരമഹസ്സാകുന്ന ആഴിയിൽ ആഴുവാനും നിത്യനിരതിശയമായ സുഖത്തോടു കൂടി ശാശ്വതമായി വാഴുവാനും മനുഷ്യരെ പ്രാപ്തരാക്കുന്നതാണ് ശിവഗിരി തീർത്ഥാടനം.

എല്ലാ ചിന്താധാരകളേയും സമബുദ്ധിയോടെ വിലയിരുത്തുകയും ഏതു തരം വിശ്വാസങ്ങളേയും ഉൾക്കൊള്ളുകയും തൃപ്പാദങ്ങളുടെ മാത്രം സമീപനത്തിന്റെ അപൂർവ്വതയാണ്. ഗുരുവിന്റെ ജീവിതത്തിലുടനീളം ഈ സമഭാവന ദർശിക്കാൻ കഴിയും. വിദ്യാഭ്യാസം, ശുചിത്വം,ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് ലക്ഷ്യങ്ങൾ ഏതു കാലത്തിലും ഏതൊരു ദേശത്തിന്റേയും പുരോഗതിയ്ക്ക് പ്രായോഗികമാക്കേണ്ടത് അനിവാര്യമാണ്. ഒരു ക്ഷേമരാഷ്ട്രത്തെ (ലോകത്തെ) പടുത്തുയർത്തുന്നതിനുള്ള പരിശീലനക്കളരിയായിട്ടാണ് ശിവഗിരി തീർത്ഥാടനത്തെ ഗുരു ലക്ഷ്യമിട്ടിരിക്കുന്നത്.

പതിത കാരുണികനായ ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങൾ അനുവദിച്ചനുഗ്രഹിച്ച, സർവ്വജനങ്ങളുടേയും പുരോഗതി ലക്ഷ്യമാക്കിയ ശിവഗിരി തീർത്ഥാടനം 92 -ാമത് വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിലുള്ള തേന്മാവിൻ ചുവട്ടിൽ വിശ്രമിക്കുമ്പോഴാണ് ജാതിവിവേചന വിമോചകനായ ശ്രീനാരായണ ഗുരുദേവൻ 1928 -ൽ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. 1932- 1933 ൽ മാത്രമേ തീർത്ഥാടനം സമാരംഭിക്കാൻ കഴിഞ്ഞുള്ളൂ. ഇലവുംതിട്ട സരസകവി മൂലൂർ എസ് പത്മനാഭപ്പണിയ്ക്കരുടെ വസതിയായ " കേരളവർമ്മ സൗധത്തിൽ ' നിന്നും പി.കെ. കേശവൻ, പി. വി. രാഘവൻ, കെ.എസ്. ശങ്കുണ്ണി, എം.കെ. രാഘവൻ, പി.കെ. ദിവാകരൻ എന്നീ പീതാംബരധാരികളായ അഞ്ച് മഞ്ഞക്കിളികളിലാരംഭിച്ച തീർത്ഥാടനം 91 സംവത്സരങ്ങൾ പിന്നിട്ടപ്പോൾ മഹിതമായ മാനവിക പുരോഗതിയുടെ സന്ദേശങ്ങൾ ആഗോളതലത്തിൽ വിളംബരം ചെയ്യുന്ന ഭൗതിക-ആത്മീയ പുരോഗതി കൈവരിക്കുന്നതിനുതകുന്ന പ്രായോഗിക ജീവിതത്തിന്റെ അവിഭാജ്യഘടകമായ മഹാ തീർത്ഥാടനമായി മാറി കഴിഞ്ഞു. 1925 മാർച്ച് മാസം 12ന് മഹാത്മാഗാന്ധി ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദിയുടെ നിറവിൽ,

സർവ്വമതസമ്മേളന ശതാബ്ദിയുടേയും വൈക്കം സത്യാഗ്രഹ ശതാബ്ദിയുടേയും ശിവഗിരി ഹൈസ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങളുടേയും സമാപനം കൂടി 92-ാമത് തീർത്ഥാടനത്തോടൊപ്പം സംഗമിക്കുന്നു. ലാളിത്യത്തിന്റെയും സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും സർവ്വോപരി ഭൗതിക പുരോഗതിയുടെയും ആത്മസാക്ഷാത്കാരത്തിന്റെയും പ്രായോഗിക കളരിയായ ശിവഗിരി തീർത്ഥാടനത്തിലേയ്ക്ക് ഏവരെയും സഹോദര ബുദ്ധ്യാ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ഏവർക്കും സർവ്വമംഗളങ്ങളും നേരുന്നു.

(തയ്യാറാക്കിയത് : സജി നായർ )