photo

നെടുമങ്ങാട്: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി ജോസും ഹാജരായി. 34 വർഷം പഴക്കമുള്ള കേസിൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ഹാജരായത്.

എം.എൽ.എമാർക്കും എം.പിമാർക്കും വേണ്ടിയുള്ള പ്രത്യേക കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന ആന്റണി രാജുവിന്റെ ആവശ്യം കോടതി നിരാകരിച്ചു. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ആന്റണി രാജു ജനപ്രതിനിധി ആയിരുന്നില്ലെന്നും വിചാരണ പ്രത്യേക കോടതിയുടെ പരിഗണനയ്ക്ക് വിടാനാകില്ലെന്നും മജിസ്‌ട്രേറ്റ് റൂബി ഇസ്മയിൽ വ്യക്തമാക്കി. ആന്റണി രാജുവിന്റെ ആവശ്യത്തിൽ വിശദമായ ഹർജി സമർപ്പിക്കാനും നിർദ്ദേശിച്ചു. 23ന് വിചാരണ ആരംഭിക്കുമെന്നും വ്യക്തമാക്കി.

ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. വഞ്ചിയൂർ കോടതിയിൽ പരിഗണനയ്ക്കെത്തിയ കേസ് ആന്റണി രാജു അവിടെ പ്രാക്ടീസ് ചെയ്യുന്നതിനാലാണ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയത്. 1990ൽ ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശ പൗരനെ കേസിൽ നിന്ന് രക്ഷിക്കാൻ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടി മുതലായ വിദേശിയുടെ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.