papanasam-chilakoor-cliff

വർക്കല: ദേശീയ ഭൂഗർഭ സ്മാരകമായ വർക്കല പാപനാശം കുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തുന്നതായി പരാതി. ചിലക്കൂർ മുസ്ലിം ജമാഅത്തിന്റെ പിറകിലായി സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയും പാപനാശം കുന്നിനോട് ചേർന്നുള്ള പുറമ്പോക്ക് പ്രദേശങ്ങളും ഉൾപ്പെടുന്ന ഏതാണ്ട് ഒരേക്കറലധികം പ്രദേശമാണ് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തി മണ്ണ് നീക്കം ചെയ്തത്.

15 മീറ്ററോളം താഴ്ചയിലാണ് കുന്നിടിച്ചത്. പള്ളിയുടെ വസ്തുവിനോട് ചേർന്നുള്ള ഭാഗത്തെ കുന്നുകൾ ഇടിച്ചു മാറ്റിയതോടെ ഈ പ്രദേശവും ഇടിഞ്ഞു വീഴാൻ സാദ്ധ്യതയേറെയാണ്.

വെട്ടൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് ഇത്തരത്തിൽ കുന്നിടിക്കുന്നതിനും മണ്ണ് മാറ്റുന്നതിനും യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. പള്ളിയുടെ ചേർന്നുള്ള കബർസ്ഥാനിന്റെ ഭാഗം ശക്തമായ മഴയിൽ ഇടിഞ്ഞു വീഴാൻ പാകത്തിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.

കുന്നുകൾ സംരക്ഷിക്കണം

തീർത്തും അപകടകരമായ രീതിയിലാണ് കുന്നിടിച്ചു മണ്ണ് നീക്കം ചെയ്തത്.ഇത്തരത്തിൽ കുന്നിടിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കുന്ന് വ്യാപക തോതിൽ ഇടിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ധാതുസമ്പുഷ്ടം

തെക്ക് ചിലക്കൂർ മുതൽ വടക്ക് ഇടവ വെറ്റക്കട വരെ രക്ഷാകവചം പോലെ പൊതിഞ്ഞു നിൽക്കുകയാണ് പാപനാശം കുന്നുകൾ. വിവിധയിനം ശിലാപാളികളുടെ അടുക്കുകളായ ഭൂവിഭാഗമാണ് കുന്നുകളുടെ പ്രത്യേകത. ചാരനിറത്തിലുള്ള കളിമണ്ണ് കലർന്ന മണൽക്കല്ല്,കരിഞ്ഞ മരത്തിന്റെ (ലിഗ്നറ്റ് രൂപത്തിലുള്ള) ഭാഗങ്ങൾ നിറഞ്ഞ കാർബൺമയ കളിമണ്ണ്, ഇരുമ്പിന്റെ അംശമുള്ള മണൽക്കല്ല്, ചീനകളിമണ്ണ്, വെട്ടുകല്ലുകൾ പൊടിഞ്ഞുണ്ടായ മണൽക്കല്ല് എന്നിവയാൽ പ്രകൃതി നിർമ്മിതമായ കുന്ന്. കുന്നുകളിലെ കരിനിറഞ്ഞ കളിമണ്ണിനിരുവശവുമുള്ള മണൽക്കല്ലുകളാണ് ഈ പ്രദേശത്തെ ഭൂഗർഭ ജലത്തിന്റെ സ്രോതസുകൾ. ഇതുമൂലം പ്രദേശത്ത് ലഭിക്കുന്ന ജലം അതീവ ധാതുസമ്പുഷ്ടമാണെന്ന് നിരവധി ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 1950കളിൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഡ്രില്ലിംഗ് ഉൾപ്പെടെയുള്ള പലവിധ പഠനങ്ങൾ ഇവിടെ നടത്തിയിരുന്നു.