
സ്ഥലമുണ്ടെങ്കിലും ഫണ്ടില്ല
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്തിൽ സ്ഥലമുണ്ടായിട്ടും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് കായികപ്രേമികൾ. സാമ്പത്തിക പരാധീനതമൂലം ഇതിനായി വലിയ തുക കണ്ടെത്താൻ ഗ്രാമപഞ്ചായത്തിന് കഴിയുന്നുമില്ല.
അഴൂർ ഗവ.ഹൈസ്കൂളിനോടു ചേർന്നാണ് 73 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്തിനുള്ളത്. സ്റ്റേഡിയം നിർമ്മിക്കാൻ എം.പി ഫണ്ട്,എം.എൽ.എ ഫണ്ട്,ജില്ലാ പഞ്ചായത്ത്,സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതം എന്നിവ പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ സ്പോർട്സ് മത്സരങ്ങൾ,പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ക്ലബുകളുടെ നേതൃത്വത്തിൽ ഫുട്ബാൾ,ക്രിക്കറ്റ് ടൂർണമെന്റുകൾ തുടങ്ങിയവ നടത്തുന്നത് ഹൈസ്കൂളിനോടു ചേർന്നുള്ള പഞ്ചായത്ത് ഗ്രൗണ്ടിലാണ്.
ദിനംപ്രതി നിരവധി കായിക പ്രേമികൾ ഈ സ്റ്റേഡിയം പരിശീലനത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി,സ്റ്റുഡന്റ് പൊലീസ് എന്നീ കേഡറ്റുകളുടെ പരേഡും ഇവിടെയാണ് നടത്തുന്നത്. അതിനാൽ ഇവിടെ സ്റ്റേഡിയം നിർമ്മിച്ചാൽ നിരവധി പേർക്ക് പ്രയോജനപ്പെടുമെന്നാണ് കായികതാരങ്ങൾ പറയുന്നത്.
സ്ഥലം വാങ്ങിയെങ്കിലും
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 1991ൽ സ്റ്റേഡിയം നിർമ്മാണ കമ്മിറ്റിയാണ് സ്റ്റേഡിയം നിർമ്മാണത്തിനായി 73 സെന്റ് സ്ഥലം വാങ്ങിയത്. ഇവിടെയുണ്ടായിരുന്ന കുന്നിന്റെ മുക്കാൽ ഭാഗവും ഇടിച്ചുനിരത്തി തുറന്ന കളിസ്ഥലമുണ്ടാക്കി. തുടർന്ന് സ്‌റ്റേഡിയത്തിനരികിൽ റോഡിനോടു ചേർന്ന് കൽപ്പടവുകൾ നിർമ്മിച്ചെങ്കിലും കാലപ്പഴക്കം മൂലവും ശക്തമായ മഴയിലും ഇവ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇപ്പോൾ ഇതൊരു തുറന്ന കളിസ്ഥലം മാത്രമാണ്.
സ്റ്റേഡിയം അത്യാവശ്യം
അഴൂർ ഗ്രാമപഞ്ചായത്തിലെ യുവതലമുറയുടെ കായിക സ്വപ്നമാണ് ഇൻഡോർ സ്റ്റേഡിയം.കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും വളർന്നുവരുന്ന കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നതിനുമായി അഴൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കേണ്ടത് അനിവാര്യമാണ് .
അഴൂർ ഹൈസ്കൂളിനോടു ചേർന്നുള്ള സ്ഥലത്ത് മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഒരു കോടി രൂപയ്ക്കുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും കേന്ദ്ര സർക്കാർ സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്നതിനാൽ 10 ലക്ഷം രൂപയേ ലഭിക്കൂവെന്ന അവസ്ഥ വന്നു. ആ തുകകൊണ്ട് സ്റ്റേഡിയം നിർമ്മിക്കാൻ കഴിയില്ല. അതിനാൽ മറ്റ് ഫണ്ടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. ഇതിനായി എം.പി,എം.എൽ.എ,ജില്ലാപഞ്ചായത്ത് ജനപ്രതിനിധികൾ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
ആർ.ആനിൽ,പ്രസിഡന്റ്,അഴൂർ ഗ്രാമപഞ്ചായത്ത്